
തിരുവനന്തപുരം: ഐ.എസ്.ആർ.ഒ.യുടെ വിശ്വസ്ത റോക്കറ്റായ പി.എസ്.എൽ.വിയുടെ നിർമ്മാണം സ്വകാര്യമേഖലയ്‌ക്ക് കൈമാറും. ഐ.എസ്.ആർ.ഒ.നേരിട്ട് നിർമ്മിക്കുന്നത് അവസാനിപ്പിക്കും. കൂടുതൽ കരുത്തുള്ള റോക്കറ്റാവും നിർമ്മിക്കുക.
ഇതിന് തുടക്കമിട്ട് പൂനെയിലെ സ്വകാര്യസ്ഥാപനത്തിൽ നിർമ്മിച്ച പി.എസ്.എൽ.വി. എക്സ് എൽ പതിപ്പിന്റെ ബൂസ്റ്റർ മോട്ടോർ കഴിഞ്ഞ ദിവസം ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ വിജയകരമായി പരീക്ഷിച്ചു. ഇതോടെ പി.എസ്.എൽ.വി റോക്കറ്റ് നിർമ്മിക്കാനുള്ള ശേഷി സ്വകാര്യമേഖല കൈവരിച്ചതായി വിലയിരുത്തി. ഇനി റോക്കറ്റിന്റെ എല്ലാഭാഗങ്ങളും സ്വകാര്യമേഖലയിൽ നിർമ്മിച്ച് ടെസ്റ്റിംഗ്, അസംബ്ളിംഗ് എന്നിവ മാത്രം ഐ.എസ്.ആർ.ഒ.യിൽ നിർവ്വഹിക്കുമെന്നാണ് അറിയുന്നത്.
2019ലാണ് പി.എസ്.എൽ.വി റോക്കറ്റ് എൻജിൻ സാങ്കേതികവിദ്യ സ്വകാര്യകമ്പനിക്ക് കൈമാറിയത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സും എൽ.ആൻഡ് ടി.യും ചേർന്നുള്ള കമ്പനിയാണിത്. ബഹിരാകാശമേഖലയിൽ പുതുതായി രൂപീകരിച്ച ന്യൂ സ്‌പെയ്സ് ഇന്ത്യ ലിമിറ്റഡിനാണ് നേതൃത്വം.
1980ൽ നിർമ്മിച്ച പി.എസ്.എൽ.വി ഇതുവരെ 33രാജ്യങ്ങളുടെ 319 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുണ്ട്. 2016ൽ 104 ഉപഗ്രഹങ്ങൾ ഒറ്റയടിക്ക് വിക്ഷേപിച്ചത് ചരിത്രമായി.
രണ്ട് കാരണങ്ങളാലാണ് പി.എസ്.എൽ.വി സ്വകാര്യമേഖലയ്ക്ക് കൈമാറുന്നത്. പി.എസ്.എൽ.വി പുതിയ കാലഘട്ടത്തിന് അനുയോജ്യമല്ലെന്ന വിലയിരുത്തലാണ് പ്രധാനം. കൂടുതൽ ശേഷിയുള്ള റോക്കറ്റിനാണ് ഐ.എസ്.ആർ.ഒ ശ്രമിക്കുന്നത്. നിർമ്മിക്കാൻ കൂടുതൽ സമയം വേണ്ടിവരുന്നതും നിരവധി വിക്ഷേപണ ദൗത്യങ്ങളുള്ളതിനാൽ ആവശ്യത്തിന് റോക്കറ്റുകൾ നിർമ്മിക്കാൻ കഴിയാത്തതുമാണ് രണ്ടാമത്തെ കാരണം. ഒാരോ റോക്കറ്റും നിർമ്മിക്കാൻ മാസങ്ങൾ വേണം. അതിനാൽ തുടരെയുള്ള വിക്ഷേപണങ്ങൾക്ക് പരിമിതിയുമുണ്ട്. മാത്രമല്ല ഗവേഷണ ദൗത്യങ്ങൾക്ക് കൂടുതൽ സമയം വേണം.
പി.എസ്.എൽ.വി ഇനി നിർമ്മിക്കേണ്ടതില്ലെന്നാണ് നയപരമായ നിലപാടെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.എസ്.സോമനാഥ് വ്യക്തമാക്കിയിരുന്നു. അതോടെ റോക്കറ്റ് ഘടകങ്ങൾ സ്വകാര്യമേഖലയിൽ നിർമ്മിക്കാനുള്ള നടപടികൾക്ക് വേഗമേറി. ഇതിന്റെ തുടക്കമാണ് പി.എസ്.എൽ.വി. എക്സ് എൽ മോട്ടോർ പൂനെയിൽ നിർമ്മിച്ചത്.
അതേസമയം റോക്കറ്റിന്റെ നിർണായക ഭാഗങ്ങളുടെ നിർമാണവും കാസ്റ്റിംഗും പുറം കരാർ നൽകുമോയെന്നതിൽ വ്യക്തത വരുത്തിയിട്ടില്ല. നാസ അടക്കമുള്ള വിദേശ ബഹിരാകാശ ഏജൻസികൾ ഈ രീതി പിന്തുടരുന്നുണ്ട്.