
തിരുവനന്തപുരം: സർക്കാരുമായി കടുത്ത പോര് തുടരുന്നതിനിടെ, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും, പ്രതിപക്ഷ നേതാവിനെയും പങ്കെടുപ്പിച്ച് 14ന് വൈകിട്ട് 5ന് രാജ്ഭവനിൽ ക്രിസ്മസ് വിരുന്ന് സംഘടിപ്പിക്കാനുള്ള ഗവർണറുടെ നീക്കം പാളി. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും ഗവർണറുടെ ക്ഷണം നിരസിച്ചു.
അതേസമയം, 20ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിപുലമായ ക്രിസ്മസ് വിരുന്ന് സംഘടിപ്പിക്കും. മന്ത്രിമാരും നേതാക്കളും മതമേലദ്ധ്യക്ഷന്മാരും ജനപ്രതിനിധികളും സഭാനേതാക്കളുമടക്കം പങ്കെടുക്കും. ഈ വിരുന്നിലേക്ക് ഗവർണറെ ക്ഷണിച്ചിട്ടില്ല. ഉത്തരേന്ത്യയിൽ പരിപാടികളുള്ളതിനാൽ 20ന് ഗവർണർ സംസ്ഥാനത്തുണ്ടാവില്ല.
ഇന്നലെ രാവിലെ കാര്യോപദേശക സമിതി യോഗത്തിന് മുമ്പ് ഘടകകക്ഷി മന്ത്രിമാരുടെ യോഗത്തിലാണ് ഗവർണറുടെ വിരുന്നിൽ പങ്കെടുക്കേണ്ടതില്ലെന്ന് ധാരണയിലെത്തിയത്. സർക്കാരുമായി ശത്രുതാ മനോഭാവം തുടരുന്ന ഗവർണറുടെ ക്ഷണം സ്വീകരിക്കേണ്ടതില്ലെന്നായിരുന്നു പൊതു തീരുമാനം. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ ഇന്ന് വൈകിട്ട് ജയ്പൂരിലേക്ക് പോകന്നതിനാൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പങ്കെടുക്കില്ല. എന്നാൽ, സ്പീക്കർ എ.എൻ.ഷംസീർ വിരുന്നിൽ പങ്കെടുത്തേക്കും.
രാജ്ഭവൻ മുറ്റത്ത് പന്തലിട്ട് 150 അതിഥികളെ സ്വീകരിച്ച് കേക്ക് മുറിക്കൽ, വിഭവ സമൃദ്ധമായ ഭക്ഷണം അടക്കമുള്ളവയാണ് ഗവർണർ നിശ്ചയിച്ചത്. 16നു ശേഷം കൊച്ചിയിലും കോഴിക്കോട്ടും ആഘോഷം സംഘടിപ്പിക്കും. എം.പിമാർ, എം.എൽ.എമാർ, വിവിധ മത പുരോഹിതന്മാർ, പ്രമുഖ വ്യക്തികൾ, സഭാദ്ധ്യക്ഷന്മാർ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പിന്മാറിയതോടെ, എം.പിമാരും എം.എൽ.എമാരും പങ്കെടുത്തേക്കില്ല. ഗവർണർ ക്ഷണിച്ചാൽ മറ്റു പരിപാടികൾ മാറ്റി വച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനിലെത്തുന്നതായിരുന്നു പതിവ്. നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കുന്നതിനാലാണ് ഗവർണർ നാളെ ക്രിസ്മസ് സത്കാരം സംഘടിപ്പിച്ചത്. ആദ്യമായാണ് ഗവർണർ സംസ്ഥാനത്ത് മൂന്നിടത്ത് ക്രിസ്മസ് ആഘോഷം നടത്തുന്നത്
മൂന്നു വി.സിമാർ നേരിട്ടെത്തി
മറ്റുള്ളവർക്കായി അഭിഭാഷകർ
#പിരിച്ചുവിടരുതെന്നപേക്ഷ
തിരുവനന്തപുരം: യു.ജി.സി ചട്ടപ്രകാരമല്ലാതെ നിയമിതരായ എട്ടു വി.സിമാരെ പുറത്താക്കുന്നതിന്റെ മുന്നോടിയായി ഗവർണർ ഇന്നലെ നടത്തിയ ഹിയറിംഗിൽ നേരിട്ട് പങ്കെടുത്തത് മൂന്ന് വി.സിമാർ. മുബാറക് പാഷ (ഓപ്പൺ), സജി ഗോപിനാഥ് (ഡിജിറ്റൽ), വി.പി.മഹാദേവൻ പിള്ള (കേരള മുൻ വി.സി) എന്നിവരാണ് രാജ്ഭവനിൽ എത്തിയത്. ഇന്നലെ രാവിലെ 11ന് തുടങ്ങിയ അദാലത്തിൽ ആദ്യമെത്തിയത് വി.പി മഹാദേവൻ പിള്ളയായിരുന്നു.
സർവകലാശാലയ്ക്ക് അംഗീകാരം നേടിയെടുക്കാൻ വി.സി അനിവാര്യമായതിനാലാണ് ആദ്യത്തെ വി.സി നിയമനംസെർച്ച് കമ്മിറ്റിയില്ലാതെ നടത്തിയതെന്ന് ഓപ്പൺ, ഡിജിറ്റൽ വി.സിമാർ അറിയിച്ചു. ഈ വാഴ്സിറ്റികൾക്കായി ചട്ടത്തിൽ ഇളവ് തേടണമെന്നും അവർ അഭ്യർത്ഥിച്ചു.
മലയാളംവൈസ് ചാൻസലർ അനിൽ വള്ളത്തോളിനും കാലിക്കറ്റ് വി.സി. എം. കെ.ജയരാജിനും കുസാറ്റ് വി.സി കെ.എൻ മധുസൂദനനും വേണ്ടി ഹാജരായത് ഈ മൂന്നു യൂണിവേഴ്സിറ്റികളുടെയും സ്റ്റാൻഡിംഗ് കോൺസൽ കൂടിയായ ശശിധരനാണ്.
വി.സിമാരെ നിയമിക്കാൻ മാത്രമാണ് ചാൻസലർക്ക് അധികാരമെന്നും പിരിച്ചുവിടാൻ കഴിയില്ലെന്നും ശശിധരൻ വാദിച്ചു. ചീഫ്സെക്രട്ടറിമാരായിരുന്ന കെ.എം.എബ്രഹാം, ടോംജോസ് എന്നിവർ അക്കാഡമിക് വിദഗ്ദ്ധരായിരുന്നെന്ന് അവരുടെ ബയോഡേറ്റ ഉയർത്തിക്കാട്ടി ശശിധരൻ വാദിച്ചു.
സംസ്കൃതം വൈസ് ചാൻസലർഎം.വി.നാരായണനുവേണ്ടി അഡ്വ. മുസ്തഫ ഹാജരായി.
കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രനായി അഡ്വ. സുനിൽകുമാറും ഹാജരായി. നിയമനരേഖകൾ ലഭിക്കാതെ ഹിയറിംഗിൽ പങ്കെടുക്കില്ലെന്ന് കണ്ണൂർ വി.സി അറിയിച്ചിരുന്നെങ്കിലും അഭിഭാഷകനെ നിയോഗിക്കുകയായിരുന്നു.
റഷ്യയിൽ സന്ദർശനം നടത്തുന്ന എം.ജി. വി.സി സാബുതോമസിനായി ജനുവരിയിൽ ഹിയറിംഗ് നടത്തും.
സർവകലാശാലകളുടെ ആക്ട്, സ്റ്റാറ്റ്യൂട്ട് എന്നിവയുമായാണ് വി.സിമാരും അഭിഭാഷകരുമെത്തിയത്. തങ്ങൾക്ക് കുറഞ്ഞ കാലാവധി മാത്രമാണ് ശേഷിക്കുന്നതെന്നും പിരിച്ചുവിടരുതെന്നും വി.സിയെ പിരിച്ചുവിട്ടാൽ കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നും ചില വി.സിമാർ അപേക്ഷിച്ചു. സാങ്കേതിക സർവകലാശാലാ വി.സിയായിരുന്ന ഡോ.എം.എസ് രാജശ്രീയെ പിരിച്ചുവിട്ട ഉത്തരവ് അവർക്കു മാത്രമാണ് ബാധകമെന്നും മിക്ക വി.സിമാരും വാദിച്ചു.
നിയമനശുപാർശ തെറ്റായ സാഹചര്യത്തിൽ എല്ലാ വി.സിമാരുടെയും നിയമനം അസാധുവാണെന്നാണ് ഗവർണറുടെ നിലപാട്.
പിരിച്ചുവിടാൻ ഗവർണർ നോട്ടീസ് നൽകിയതിനെതിരെ വി.സിമാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ ഉത്തരവിനുശേഷമായിരിക്കും നടപടി.
വി.സി മാരുടെ
ഹർജി മാറ്റി
കൊച്ചി: പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നാവശ്യപ്പെട്ട് ചാൻസലർ നൽകിയ നോട്ടീസിനെതിരെ എട്ടു സർവകലാശാലാ വി.സിമാർ നൽകിയ ഹർജി ഹൈക്കോടതി 15ന് പരിഗണിക്കാൻ മാറ്റി. കാരണം കാണിക്കൽ നോട്ടീസിനെത്തുടർന്ന് വി.സിമാരുടെ ഹിയറിംഗ് നടക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കക്ഷികൾ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നടപടി. ഹിയറിംഗ് നടത്താൻ ചാൻസലർക്ക് തടസമില്ലെന്നും വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ അന്തിമ തീരുമാനം എടുക്കുന്നതാണ് തടഞ്ഞിട്ടുള്ളതെന്നും സിംഗിൾബെഞ്ച് പറഞ്ഞു. കോടതിയുടെ തീർപ്പുണ്ടാകുന്നതുവരെ ഗവർണറുടെ നോട്ടീസിൽ അന്തിമ തീരുമാനം പാടില്ലെന്ന ഇടക്കാല ഉത്തരവ് നീട്ടുകയും ചെയ്തു.
നോട്ടീസിനെതിരെ പത്തു വി.സിമാരാണ് ഹർജി നൽകിയത്. ഇവരിൽ കേരള സർവകലാശാല വി.സിയുടെ കാലാവധി കഴിഞ്ഞു. ഫിഷറീസ് സർവകലാശാല വി.സി ഡോ. റിജി ജോണിന്റെ നിയമനം മറ്റൊരു ഹർജിയിൽ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ശേഷിച്ച എട്ടു വി.സിമാരുടെ ഹർജികളാണ് നിലവിലുള്ളത്.