
തിരുവനന്തപുരം: കൊവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട് ഉൾപ്പെടെ തിരിച്ചെത്തിയ പ്രവാസികളിൽ 80 ശതമാനത്തിലധികംപേരും നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ വിദേശ രാജ്യങ്ങളിലേക്ക് മടങ്ങിയപ്പോൾ, തിരികെ പോകാനാകാത്തവർ സംസ്ഥാനത്ത് തുടങ്ങിയത് 11,259 സ്വയം സംരംഭങ്ങൾ. സർക്കാരിന്റെ രണ്ട് പുനരധിവാസ പദ്ധതികളിലൂടെയാണിത്. പ്രവാസി ഭദ്രത പദ്ധതിയിലൂടെ രണ്ടു വർഷങ്ങളിലായി 9,752 സംരംഭങ്ങളും എൻഡിപ്രേം പദ്ധതിയിലൂടെ 1,507 സംരംഭങ്ങളുമാണ് തുടങ്ങിയത്. നോർക്ക റൂട്ട്സിന്റേതാണ് കണക്ക്.
കൊവിഡ് ജാഗ്രത പോർട്ടലിലെ കണക്കുപ്രകാരം 2020 മെയ് മുതൽ വിദേശങ്ങളിൽ നിന്ന് നാട്ടിലെത്തിയത് 17 ലക്ഷത്തോളം പേരാണ്. ഇതിൽ 13.5 ലക്ഷത്തിലധികം പേരും മടങ്ങി.
കൊവിഡ് ബാധയെതുടർന്ന് ശാരീരികാസ്വസ്ഥതകൾ മാറാത്തവരും വിസ പുതുക്കി കിട്ടാത്തവരുമാണ് നാട്ടിലുള്ളത്. ഇവരിൽ പലരുമാണ് പുനരധിവാസ പദ്ധതികളിലൂടെ നാട്ടിൽ ഉപജീവനം കണ്ടെത്തിയത്.
2021-22ലാണ് സർക്കാർ പ്രവാസി ഭദ്രത പദ്ധതി അവതരിപ്പിച്ചത്. 50 കോടി വകയിരുത്തി. ഈ കാലയളവിൽ പ്രവാസികൾ 5,010 സംരംഭങ്ങൾ തുടങ്ങി. വായ്പയായി നൽകിയത് 40 കോടി. ഈ സാമ്പത്തിക വർഷം 4,742 സംരംഭങ്ങൾ കൂടി തുടങ്ങി. വിപുലീകരിച്ച എൻഡിപ്രേം പദ്ധതിയിലൂടെ തുടങ്ങിയത് 1,507 സംരംഭങ്ങൾ. 18 ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ധനസഹായം ലഭ്യമാക്കി. 119.2 കോടി വായ്പയായി നൽകി. മൂലധന സബ്സിഡിയായി 23.7 കോടിയും പലിശ സബ്സിഡിയായി 3.3 കോടിയും അനുവദിച്ചു.
പ്രവാസി സഹായം ഇതുവരെ
 2020 ജനുവരി ഒന്നുമുതൽ കേരളത്തിലേക്ക് മടങ്ങി എത്തിയവർക്ക് 5000 രൂപ വീതം ധനസഹായം
ഇതുവരെ നൽകിയത് 1,33,800 പേർക്ക്. ചെലവിട്ടത് 66.9 കോടി
കൊവിഡ് ബാധിതരായ പ്രവാസി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് 10,000 രൂപാ വീതം
'സാന്ത്വന' ദുരിതാശ്വാസ പദ്ധതി വഴി 2020-21 കാലയളവിൽ 4,445 ഗുണഭോക്താക്കൾക്കായി 27 കോടി.
 2021-22ൽ 4614 പേർക്കായി 30 കോടി ധനസഹായം
'കൊവിഡിന് ശേഷം ഭൂരിഭാഗം പേരും വിദേശത്തേക്ക് മടങ്ങി. തിരികെപോകാൻ കഴിയാത്തവർക്ക് സഹായകമായ നിരവധി പദ്ധതികളാണ് നോർക്ക നടപ്പാക്കിയത്".
-ഹരികൃഷ്ണൻ നമ്പൂതിരി
സി.ഇ.ഒ നോർക്ക റൂട്ട്സ്