bg

തിരുവനന്തപുരം: 2006നു ശേഷം മിച്ചഭൂമി സ്വന്തമാക്കിയവർ എത്ര ഉന്നതനായാലും കർശന നടപടിയുമായി മുന്നോട്ടു പോകുമെന്ന് റവന്യുമന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു. രാജമാണിക്യം കമ്മിറ്റി റിപ്പോർട്ടുകളുടെ ഭാഗമായി ഹാരിസൺ ഉൾപ്പെടെയുള്ള 68 തോട്ടങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് നടപടികൾ നടക്കുന്നു. നിയമനിർമ്മാണം നടത്തിയാണെങ്കിലും മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് കൊടുക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
ജന്മിമാരിൽ നിന്നും പ്രതിഫലം നൽകി 2006 വരെ മിച്ചഭൂമി വാങ്ങിയവർക്ക് മാത്രമേ ലാൻഡ് ട്രൈബ്യൂണലുകൾ വഴി ക്രയസർട്ടിഫിക്കറ്രുകൾക്ക് അർഹതയുള്ളൂ . ഭൂപരിഷ്‌കരണ നിയമം നിലവിൽ വന്ന 1964 മുതൽ 2006 ഒക്ടോബർ വരെ മിച്ചഭൂമി പ്രതിഫലം നൽകി വാങ്ങിയവർക്ക് ക്രയസർട്ടിഫിക്കറ്റുകൾ നൽകാൻ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നിരുന്നു. ഇത്തരത്തിൽ ക്രയസർട്ടിഫിക്കറ്റുകൾക്ക് നൽകുന്ന അപേക്ഷകളിൽ ലാൻഡ് ട്രൈബ്യൂണലുകൾ പുറപ്പെടുവിക്കുന്ന ഉത്തരവിനെതിരെ അപ്പീൽ സമർപ്പിക്കാൻ അനുവാദം നൽകുന്ന കേരള ഭൂപരിഷ്കരണ (ഭേദഗതി) ബില്ലിന്റെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ബിൽ നിയമസഭ പാസാക്കി.

ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം മിച്ചഭൂമിയുടെ കൈമാറ്റം അസാധുവാണ്. എന്നാൽ മിച്ചഭൂമിയാണെന്നറിയാതെ പ്രതിഫലം നൽകി ഭൂമി വാങ്ങിയവരുടെ പ്രശ്നം സാമൂഹിക പ്രശ്നമായി മാറിയതിന്റെ സാഹചര്യത്തിലാണ് അതുവരെയുള്ള കൈമാറ്റങ്ങൾ സാധൂകരിക്കത്തക്ക രീതിയിൽ 2006 ൽ നിയമ ഭേദഗതി കൊണ്ടുവന്നത്. ഇനി അത്തരം ആനുകൂല്യം ഉണ്ടാകില്ല. മിച്ചഭൂമിയുടെ ക്രയവിക്രയം നിയമപ്രകാരം അസാധുവായതിനാൽ താലൂക്ക് ലാൻഡ് ബോർഡുകളുടെ തീരുമാനത്തിന് വിധേയമായി അത്തരം ഭൂമി സർക്കാർ ഏറ്റെടുക്കുന്ന സാഹചര്യം ഉണ്ടാകും. മിച്ചഭൂമി ഉൾപ്പെടെ എല്ലാ സർക്കാർ ഭൂമിയും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എന്നാൽ അർഹതപ്പെട്ട മുഴുവൻ ആളുകൾക്കും പട്ടയം നൽകുന്നതിനുള്ള നടപടി സർക്കാർ സ്വീകരിക്കുകയും ചെയ്യും.