തിരുവനന്തപുരം: വ്യവസായ വകുപ്പിന്റെ ' ഒരുവർഷം ഒരുലക്ഷം സംരംഭം ' എന്ന പദ്ധതി പ്രകാരം സംസ്ഥാന തലത്തിൽ 5.13 കോടിയുടെ ആഭ്യന്തര നിക്ഷേപവും 2.16 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കാനായതായി ജില്ലാ വ്യവസായ കേന്ദ്രം അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഏറ്റവുമധികം നേട്ടം കൈവരിച്ച് തിരുവനന്തപുരം കോർപ്പറേഷൻ ഒന്നാം സ്ഥാനത്തെത്തി. 2566 സംരംഭങ്ങളാണ് കോർപ്പറേഷൻ പരിധിയിൽ ആരംഭിച്ചത്. 232 കോടിയുടെ നിക്ഷേപവും 6600ലധികം തൊഴിലവസരങ്ങളും സൃഷ്ടിച്ചു.
ജില്ലയിൽ 9384 സംരംഭങ്ങളാണ് ആകെ ആരംഭിച്ചിട്ടുള്ളത്. ജില്ലാതലത്തിൽ 600 കോടിയുടെ ആഭ്യന്തര നിക്ഷേപവും 20,000ൽപ്പരം തൊഴിലവസരങ്ങളുമുണ്ടായിട്ടുണ്ട്. സംരംഭങ്ങളിൽ 35 ശതമാനവും വനിതാ സംരംഭകരുടെതാണ്. നിയോജക മണ്ഡലാടിസ്ഥാനത്തിൽ 942 സംരംഭങ്ങളുമായി കഴക്കൂട്ടമാണ് ഒന്നാമത്. ഭക്ഷ്യമേഖലയിലും വസ്ത്രനിർമ്മാണ മേഖലയിലുമാണ് ഏറ്റവുമധികം സംരംഭങ്ങൾ ആരംഭിച്ചിട്ടുള്ളത്.