
പാലോട്: ചെല്ലഞ്ചി പാലത്തോട് ചേർന്നുള്ള ജനവാസ മേഖലകളിൽ ഞായറാഴ്ച വൈകിട്ട് പാലത്തിനടിയിലും പരിസരത്തും അഞ്ചു കാട്ടുപോത്തുകളിറങ്ങി.ഈ സമയം ചെല്ലഞ്ചിയാറ്റിലും കരയിലുമായി നിരവധി ആളുകളുണ്ടായിരുന്നു.ഓടിയടുക്കുന്ന പോത്തുകളെ കണ്ടതോടെ ആളുകൾ ഭയപ്പാടോടെ കരയിലേക്കോടി.വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ കാട്ടുപോത്തുകളെ കാണാറുള്ളത് നിത്യ സംഭവമാണെങ്കിലും ജനവാസ മേഖലയിൽ ഇതാദ്യമായതിനാൽ പരിസരവാസികൾ പരിഭ്രാന്തിയിലാണ്.നാട്ടുകാർക്ക് പുറമെ അവധി ദിവസങ്ങളിൽ സമയം ചെലവഴിക്കാനായി ഇവിടെ കുടുംബങ്ങൾ ഏറെയെത്തുന്നുണ്ട്.ഞായറാഴ്ച നേരിയ മഴയുണ്ടായിരുന്നതിനാൽ സന്ദർശകരുടെ എണ്ണം കുറവായിരുന്നു. അക്കാരണത്താലാണ് വലിയൊരു ആപത്ത് ഒഴിവായത്.നന്ദിയോട്,പനവൂർ,പുല്ലമ്പാറ,കല്ലറ പഞ്ചായത്തുകളുടെ സംഗമഭൂമിയാണിവിടം. കാട്ടുപോത്തുകൾ ജനവാസ മേഖലയിലേക്കിറങ്ങുന്നത് തടയുന്നതിനുള്ള അടിയന്തര നടപടികൾ വനം അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.