na-nellikkunnu

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനായി തിരുവനന്തപുരത്തേക്ക് മലബാർ ജില്ലകളിൽ നിന്ന് മാവേലി എക്സ്‌പ്രസ്സിന് ടിക്കറ്റെടുത്ത എം.എൽ.എമാർക്ക് ട്രെയിനിൽ അവഗണനയെന്ന് പരാതി. ട്രെയിനിൽ യാത്ര ചെയ്യുന്ന മലബാർ എം.എൽ.എമാർക്ക് സംരക്ഷണം വേണമെന്ന് നിയമസഭയിൽ കാസർകോട് എം.എൽ.എ എൻ.എ.നെല്ലിക്കുന്ന് ആവശ്യപ്പെട്ടു. വിഷയം ഗൗരവമായി കൈകാര്യം ചെയ്യുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചു.

മാവേലി എക്സ്പ്രസിൽ ത്രീ ടയർ എ.സി ടിക്കറ്റ് റിസർവ്വ് ചെയ്ത എം.എൽ.എമാർ അവസാനനിമിഷം സ്ലീപ്പർ ക്ലാസ്സിലേക്ക് എടുത്തെറിയപ്പെട്ടുവെന്ന് നെല്ലിക്കുന്ന് പറഞ്ഞു. അതിൽ വിഷമമില്ല. സാധാരണക്കാരായ ആളുകളാണ് തങ്ങളെല്ലാം. എന്നാൽ എ.സി ക്ലാസ്സിൽ നിന്ന് സ്ലീപ്പർ ക്ലാസ്സിലേക്ക് മാറുമ്പോൾ ടിക്കറ്റ് നിരക്കിലുണ്ടായ കുറവ് റെയിൽവേ മടക്കിത്തരേണ്ടതായിരുന്നു. അതുണ്ടായില്ല. എം.എൽ.എമാർ കൂപ്പൺ ഉപയോഗിച്ചാണ് ടിക്കറ്റെടുക്കുന്നത്. അതും റീഫണ്ട് ചെയ്തുതരുന്നില്ല. മലബാറിൽ നിന്നുള്ള പതിനഞ്ച് എം.എൽ.എമാർക്കാണ് ഇന്നലെ തിരുവനന്തപുരത്തെത്താനുള്ള യാത്രയിൽ ദുരിതാനുഭവമുണ്ടായതെന്നും സംരക്ഷിക്കാൻ ഇടപെടണമെന്നും നെല്ലിക്കുന്ന് പറഞ്ഞു.

എന്നാൽ, എം.എൽ.എമാർക്ക് അധിക ക്വോട്ട അനുവദിക്കുന്നതിൽ വിവേചനമില്ലെന്നും നിയമസഭാ സമ്മേളനം നടക്കുന്ന സമയത്ത് അധിക കോച്ച് വരെ അനുവദിക്കാറുണ്ടെന്നുമാണ് റെയിൽവേയുടെ വിശദീകരണം.