
തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങൾ അടങ്ങും മുമ്പേ, ഇഷ്ടക്കാരായ 100 പേരെ പിൻവാതിലിലൂടെ നിയമിച്ച് സാങ്കേതിക സർവകലാശാല. സിൻഡിക്കേറ്റംഗങ്ങളായ രണ്ട് സി.പി.എം നേതാക്കളുടെ നേതൃത്വത്തിലാണ് 'നിയമന മേള". അടുത്ത 100 പേരുടെ നിയമന നടപടികൾ പുരോഗമിക്കുകയാണ്. എല്ലാ സർവകലാശാലകളിലെയും അനദ്ധ്യാപക നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടതാണ്.
സംസ്ഥാനത്തെ എല്ലാ എൻജിനിയറിംഗ്, ആർക്കിടെക്ചർ, എം.ബി.എ, എം.സി.എ കോളേജുകളും അഫിലിയേറ്റ് ചെയ്തിട്ടുള്ള സാങ്കേതിക സർവകലാശാലയിൽ ആകെയുള്ളത് 56 സ്ഥിരം തസ്തികകളാണ്. മറ്റ് സർവകലാശാലകളിൽ നിന്ന് ഓപ്ഷൻ നൽകിയെത്തിയവരാണ് ഈ തസ്തികകളിലുള്ളത്. 200 തസ്തികകൾ സൃഷ്ടിക്കാനുള്ള അപേക്ഷ സർക്കാർ തീരുമാനമെടുക്കാതെ മാറ്റിവച്ചിരിക്കുന്നു. ഈ തസ്തികകളിലേക്കാണ് തോന്നും പടിയുള്ള നിയമനം.
യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, ഡ്രൈവർ, കമ്പ്യൂട്ടർ അസിസ്റ്റന്റ്, സ്വീപ്പർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലാണ് 100 പേരെ സിൻഡിക്കറ്റ് നിയമിച്ചത്. സ്വന്തം നിലയിൽ അപേക്ഷ ക്ഷണിച്ച് പേരിനൊരു അഭിമുഖവും നടത്തിയാണ് നിയമനം. ഇനിയുള്ള 100 തസ്തികകളിലേക്ക് നിയമനത്തിനുള്ള ശുപാർശ വൈസ്ചാൻസലറുടെ പരിഗണനയിലാണ്. 179 ദിവസത്തേക്കാണ് നിയമനം.
ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇവരെത്തന്നെ വീണ്ടും നിയമിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത് ലക്ഷക്കണക്കിന് തൊഴിൽരഹിതർ കാത്തിരിക്കുമ്പോഴുള്ള പിൻവാതിൽ നിയമനം തടയണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന ഗവർണർക്ക് പരാതി നൽകി.
പരീക്ഷയുടെ നിയന്ത്രണവും കരാറുകാർക്ക്
സാങ്കേതിക സർവകലാശാലയിലെ പരീക്ഷാ നടത്തിപ്പും പണമിടപാടുകളുമെല്ലാം നിയന്ത്രിക്കുന്നത് താത്കാലിക ജീവനക്കാരാണ്. പരീക്ഷാ വിഭാഗത്തിൽ ടാബുലേഷൻ ഉൾപ്പെടെ ജോലികൾ ചെയ്യുന്നതിന് 114 ജീവനക്കാരെ ദിവസക്കൂലിക്ക് നിയമിച്ചു. ഇത് പരീക്ഷകളുടെ രഹസ്യസ്വഭാവം നഷ്ടമാക്കുമെന്ന് ആക്ഷേപമുണ്ട്.
ഫിനാൻസ് വിഭാഗത്തിലും താത്കാലിക ജീവനക്കാരാണ്. ഡ്രൈവർമാർ, ലീഗൽ അഡ്വൈസർ, ഐ.ടി പ്രോഗ്രാമർ, ലാൻഡ് അക്വിസിഷൻ ഓഫീസർ, സ്വീപ്പർമാർ, പ്യൂണുമാർ എന്നിവരെയെല്ലാം സിൻഡിക്കേറ്റ് നേരിട്ടാണ് നിയമിക്കുന്നത്. സ്ഥിരം തസ്തികകൾ സൃഷ്ടിച്ചാൽ പി.എസ്.സി വഴിയേ നിയമനം നടത്താനാവൂ.പിൻ വാതിൽ നിയമനങ്ങൾ രാഷ്ട്രീയാടിസ്ഥാനത്തിലാണ്. ഭൂരിഭാഗം താത്കാലിക ജീവനക്കാരെയും തുടരാൻ അനുവദിക്കും.
ശമ്പളം 32,500 വരെ
കമ്പ്യൂട്ടർ അസിസ്റ്റന്റിന്റെ ശമ്പളം- 32,500
യൂണിവേഴ്സിറ്റി അസിസ്റ്റന്റ്- 30,900
ഡ്രൈവർ- 20,000
സ്വീപ്പർ- 18,500
സാങ്കേതിക യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത കോളേജുകൾ- 165