തിരുവനന്തപുരം: ഏഴ് വർഷമായി അപസ്മാര ബാധിതനായ ഉത്തരാഖണ്ഡ് സ്വദേശിയായ മുപ്പത്തിരണ്ടുകാരന് അപൂർവ ഡീപ്പ് ബ്രെയിൻ ശസ്ത്രക്രിയ വിജയകരമായി നടത്തി കിംസ്‌ഹെൽത്ത്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ആവർത്തിക്കുന്ന അപസ്മാരവും അതുവഴി കൈകളും കാലുകളും ദൃഢമായി ചലനശേഷിയെ ബാധിക്കുകയും ചെയ്തിരുന്ന അവസ്ഥയിലായിരുന്ന യുവാവ് ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ സുഖം പ്രാപിക്കുന്നു. ആഴത്തിലുള്ള മസ്തിഷ്‌ക (ഡീപ്പ് ബ്രെയിൻ) ശസ്ത്രക്രിയയിലൂടെ അപസ്മാരത്തിന്റെ ഉത്ഭവസ്ഥാനം നീക്കം ചെയ്യുകയായിരുന്നു. സീനിയർ കൺസൾട്ടന്റ് ഡോ.ആർ.അജിത്തിന്റെ നേതൃത്വത്തിലുള്ള ന്യൂറോ സർജൻമാരുടെ വിദഗ്ദ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. റായ്പൂർ,ഡൽഹി,ബോംബെ,വിശാഖപട്ടണം,ചെന്നൈ,ബാംഗ്ലൂർ എന്നിവിടങ്ങളിലെ ആശുപത്രികളിലെ ചികിത്സയ്ക്ക് ശേഷമാണ് യുവാവ് കിംസ് ഹെൽത്തിലെത്തിയത്. എം.ആർ.ഐ സ്‌കാനിലൂടെയും തുടർച്ചയായ ഇ.ഇ.ജി മോണിറ്ററിംഗിലൂടെയുമാണ് അപസ്മാരത്തിന്റെ ഉറവിടം കണ്ടെത്തിയത്. തലച്ചോറിന്റെ മറ്റ് ഭാഗങ്ങളെയും നിർണായക ഘടനകളെയും ബാധിക്കാത്ത രീതിയിൽ അതീവ മുൻകരുതലുകളോടെയാണ് 5 മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയതെന്ന് ഡോ.അജിത് പറഞ്ഞു. കൺസൾട്ടന്റ് ന്യൂറോ സർജനുകളായ ഡോ.നവാസ് എൻ.എസ്,ഡോ.ബോബി ഐപ്പ്,ഡോ.അബുമദൻ, കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്, ഡോ. രജിത് രമണൻ പിള്ള, കൺസൾട്ടന്റ് അനസ്‌തെറ്റിസ്റ്റ്,ഡോ.സുശാന്ത്.ബി എന്നിവരും ശസ്ത്രക്രിയയിൽ പങ്കെടുത്തു.