1

തിരുവനന്തപുരം: പേട്ട - ആനയറ - ഒരുവാതിൽക്കോട്ട റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി പകുതി പൊളിച്ച കെട്ടിടം യാത്രക്കാർക്ക് ഭീഷണിയാകുന്നു. കല്ലുംമൂട് ജംഗ്ഷനിലെ പഴയൊരു കടയുടെ കെട്ടിടമാണ് കരാറുകാർ പാതി പൊളിച്ചിട്ടത്.

പൊളിച്ചിട്ട് ദിവസങ്ങളായെങ്കിലും പിന്നീട് ആരും അത് പൂർണമായി പൊളിക്കാനെത്തിയില്ല.രണ്ട് ദിവസമായി തുടരുന്ന മഴയിൽ കെട്ടിടം ഏത് നേരവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. യാത്രക്കാർ നിരന്തരം യാത്ര ചെയ്യുന്ന വഴിയിൽ ഇതുമൂലം വലിയ അപകടമുണ്ടാകാനും സാദ്ധ്യതയുണ്ട്. മണ്ണ് കൊണ്ടുണ്ടാക്കിയ കെട്ടിടത്തിന്റെ ജനലുകൾ തുരന്നെടുത്തതിനാൽ മഴയിൽ ഭിത്തിയിലെ മണ്ണ് ഒലിച്ച് വീഴാൻ തുടങ്ങി.അടുത്ത മഴയത്ത് നിലംപൊത്തുമെന്ന അവസ്ഥയിലാണ് കെട്ടിടം.സ്കൂൾ കുട്ടികളടക്കം പോകുന്ന വഴിയിലെ ഈ കെട്ടിടം എത്രയും വേഗം പൊളിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.