
പാറശാല: ദേശീയപാതയിൽ ഒരേ ദിശയിലേക്ക് സഞ്ചരിച്ച ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്.അപകടങ്ങൾ പതിവാകുന്ന പാറശാല കാരാളി വളവിലാണ് ഇന്നലെ രാവിലെ വീണ്ടും ബസുകൾ തമ്മിൽ കൂട്ടിയിടിച്ചത്.
നിറയെ യാത്രക്കാരുമായി ബാംഗ്ലൂരിൽ നിന്ന് ചെന്നൈ വഴി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വോൾവോ ബസിന്റെ ഇടത് വശത്തേക്ക് നാഗർകോവിലിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്രക്കാരുമായി വരികയായിരുന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസ് ഇടിക്കുകയായിരുന്നു.
അപകടത്തിൽ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസിന്റെ മുൻവശത്തെ ഗ്ലാസും വോൾവോ ബസിന്റെ ഒരു വശവും തകർന്നു. ഇന്നലെ രാവിലെ 7 ഓടെയായിരുന്നു അപകടം. തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസ് ഓടിച്ചിരുന്ന ഡ്രൈവർ സഹായരാജിനും ചില യാത്രക്കാർക്കും നിസാര പരിക്കുകൾ പറ്റി. രാവിലെത്തെ മൂടൽമഞ്ഞും മഴയുമാണ് അപകടത്തിന് കാരണമായി പറയുന്നത്.