തിരുവനന്തപുരം: മലയാള തമിഴ് സിനിമാ ഗാനങ്ങൾ മെമ്മറി കാർഡിലും പെൻഡ്രൈവിലും പകർത്തി നൽകിയ കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു.കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് എ. അനീസ പേട്ട സ്വദേശി മുഹമ്മദ് ബഷീറിനെ വെറുതെ വിട്ടത്. പഴവങ്ങാടിയിലെ മൊബൈൽ കട ഉടമയായ പ്രതി പെൻഡ്രൈവിലും മെമ്മറി കാർഡിലും സി.ഡികളിലും പുതിയ മലയാള തമിഴ് ചലച്ചിത്ര ഗാനങ്ങൾ പകർത്തി വില്പന നടത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്.ഫോർട്ട് പൊലീസാണ് പകർപ്പ് അവകാശ നിയമപ്രകാരം കേസെടുത്തിരുന്നത്.പ്രതിയുടെ കടയിൽ നിന്ന് മെമ്മറികാർഡുകൾ, സി. ഡി കൾ എന്നിവയും ഗാനങ്ങൾ പകർത്താൻ ഉപയോഗിച്ച കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതിക്ക് വേണ്ടി ജെ. എസ്. നന്ദുപ്രകാശ് ഹാജരായി.