p

തിരുവനന്തപുരം: മുസ്ലിംലീഗിനെ പുകഴ്ത്തേണ്ടതില്ലെന്നും ,ഇടതുമുന്നണി വിപുലീകരണത്തിന് നിലവിൽ തീരുമാനമില്ലെന്നുമുള്ള നിലപാട് സി.പി.ഐ വ്യക്തമാക്കി. എന്നാൽ, ലീഗിനെക്കുറിച്ചുള്ള പ്രശംസ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്നലെയും ആവർത്തിച്ചു.

ലീഗിനെ പുകഴ്ത്തിക്കൊണ്ടുള്ള എം.വി. ഗോവിന്ദന്റെ പ്രസ്താവന ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചാനലുകളോട് പ്രതികരിച്ചു. മുസ്ലിംലീഗ് പഴയ ലീഗല്ല. തീവ്ര നിലപാടുകാരോട് ഇപ്പോൾ ലീഗ് സംവദിക്കുന്നുണ്ട്. എന്നാൽ പോപ്പുലർ ഫ്രണ്ടിനെയോ എസ്.ഡി.പി.ഐയെയോ പോലെ മുസ്ലിംലീഗ് വർഗീയ പാർട്ടിയല്ല. ലീഗിനെ പുകഴ്ത്തിയുള്ള എം.വി. ഗോവിന്ദന്റെ നടപടിയിലൂടെ യു.ഡി.എഫിൽ ഐക്യമുണ്ടായി.

ഗവർണർ വിഷയത്തിൽ മുസ്ലിംലീഗിന്റെ നിലപാടിനെത്തുടർന്ന് കോൺഗ്രസ് തിരുത്തിയെന്ന് പറയുന്നതിനോടൊപ്പം , കോൺഗ്രസ് അവരുടെ നിലപാട് പുന:പരിശോധിച്ചെന്നും പറയാമല്ലോ. ലീഗിന്റെ നിലപാട് വ്യക്തമാക്കേണ്ടത് അവരാണ്. അവർ മതനിരപേക്ഷ പാർട്ടിയായിരുന്നു. ബാബറി മസ്ജിദ് തകർക്കപ്പെട്ട ശേഷം ലീഗ് പടിപടിയായി മാറി. മുസ്ലിം സമൂഹത്തിനിടയിൽ ഭൂരിപക്ഷ വർഗീയതയുണ്ടാക്കിയ മാറ്റത്തിന്റെ ഫലമാണിത്. ലീഗിന്റെ നിലപാട് മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തിലാവണം കമ്യൂണിസ്റ്റ് പാർട്ടികൾ നിലപാടെടുക്കേണ്ടത്.കേരളത്തിൽ ബി.ജെ.പിയല്ല മുഖ്യശത്രു. എൽ.ഡി.എഫും യു.ഡി.എഫും പോരടിക്കുമ്പോൾ ബി.ജെ.പി ശക്തിപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും കാനം പറഞ്ഞു.

വർഗീയതയ്ക്കെതിരായ നിലപാടെടുക്കുന്നവരെ പിന്തുണയ്ക്കുമെന്നും, അതാണ് ലീഗിന്റെ കാര്യത്തിലും പറഞ്ഞതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.

ഗോവിന്ദൻ കണ്ണൂരിൽ പ്രതികരിച്ചു. ആ സമീപനം സ്വീകരിക്കുന്നവരെ സ്വാഗതം ചെയ്യും. അതിനെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. കാവിവത്കരിക്കാൻ ശ്രമിക്കുന്ന ഗവർണർക്കെതിരെയും വിഴിഞ്ഞം സമരത്തിലും ലീഗ് ശരിയായ നിലപാടെടുത്തു. അതിനെയാണ് സ്വാഗതം ചെയ്തതെന്നും ഗോവിന്ദൻ പറഞ്ഞു.