p

തിരുവനന്തപുരം: കേരള ഓട്ടോമൊബൈൽസിലെ താത്കാലികക്കാർക്ക് ചട്ട വിരുദ്ധമായി സ്ഥിര നിയമനം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം നടത്താൻ വിജിലൻസിനോട് പ്രത്യേക വിജിലൻസ് കോടതി നിർദ്ദേശിച്ചു. ഉദ്യോഗസ്ഥരെ കുറ്റ വിമുക്തരാക്കിയുളള വിജിലൻസ് റിപ്പോർട്ട് ജഡ്ജി ജി.ഗോപകുമാർ തള്ളി.

മുൻ എം.ഡി കെ.പി. വിജയകുമാർ, എച്ച്.ആർ.മാനേജർ എസ്.ദിലീപ് കുമാർ, വിജിലൻസ് സെക്യൂരിറ്റി ഓഫീസർ ശശികുമാർ, സീനിയർ എൻജിനിയർ കെ.കൃഷ്ണൻകുട്ടി എന്നിവരാണ് കേസിലെ എതിർ കക്ഷികൾ. മണക്കാട് കൊഞ്ചിറവിള സ്വദേശി സുജിത്.എം.എസ് ആണ് ഹർജിക്കാരൻ. കുറഞ്ഞത് 10 വർഷം താത്കാലികക്കാരായി ജോലി നോക്കിയവർക്ക് സ്ഥിര നിയമനം നൽകണമെന്ന സർക്കാർ ഉത്തരവ് മറയാക്കി 40 പേരെ സ്ഥിരപ്പെടുത്തിയതിന് എതിരെയായിരുന്നു ഹർജി. സ്ഥിരമാക്കിയവരിൽ 10 വർഷം പൂർത്തിയാക്കാത്ത നിരവധി പേർ ഉണ്ടെന്നായിരുന്നു ഹർജിയിലെ ആരോപണം. വ്യക്തമായ അന്വേഷണം നടത്താതെ നിയമനത്തിൽ ക്രമക്കേട് ഇല്ലെന്ന വിജിലൻസ് റിപ്പോർട്ടാണ് കോടതി തളളിയത്.