kseb

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ മീറ്റർ റീഡർ നിയമന നിരോധനത്തിനെതിരെ വൈദ്യുതി ഭവന് മുന്നിൽ ഉദ്യോഗാർത്ഥികൾ ഗോളടി സമരം നടത്തി പ്രതിഷേധിച്ചു. റാങ്ക് പട്ടികയിലുള്ള 218 ഉദ്യോഗാർത്ഥികളാണ് 218 ഗോൾ വലയിലാക്കി പ്രതിഷേധിച്ചത്. മീറ്റർ റീഡർ നിയമന നിരോധനത്തിന് പിന്നിലുള്ള സ്വകാര്യ കമ്പനിയിൽ നിന്ന് സ്‌മാർട്ട് മീറ്റർ വാങ്ങാനുള്ള സാമ്പത്തിക അജൻഡ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് സമരം ഉദ്ഘാടനം ചെയ്‌ത സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ വ്യക്തമാക്കി. മുൻ വൈദ്യുതി മന്ത്രി എം.എം. മണി ഉറപ്പുനൽകിയ 218 മീറ്റർ റീഡർമാരുടെ നിയമനം ഉടൻ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ.പി. ഷബ്ന ജാസ്‌മി അദ്ധ്യക്ഷത വഹിച്ചു. എ.എച്ച്.സജു (കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു സംസ്ഥാന ട്രഷറർ),ഡോ.സി.കെ.ഷെമീം (യുവജനതാദൾ സംസ്ഥാന സെക്രട്ടറി), സിബിക്കുട്ടി ഫ്രാൻസിസ് (കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ്),ഷാജി കുമാർ (കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ എ.ഐ.ടി.യു.സി ), ടി.ജി.ഗിരീഷ്, എ.എൻ.അൻവർ, എം. കൃഷ്ണദാസ്, എസ്. ജിനേന്ദ്രനാഥ് എന്നിവർ സംസാരിച്ചു.