പാറശാല: മെക്സിക്കോ വനിതയെ വിവാഹശേഷം ഉപേക്ഷിച്ചതായി പരാതി. മെക്സിക്കോ സ്വദേശിയായ മരിസോൾ പാസ്ലേറ്റിന പലേഷ്യസാണ് (53) ആര്യങ്കോട് കീഴാറൂർ സ്വദേശി ജയ്‌സിംഗിനെതിരെ (36) പാറശാല പൊലീസിൽ പരാതി നൽകിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 2018ൽ പാറശാല സബ് രജിസ്ട്രാർ ഓഫീസിൽ വച്ചാണ് മെക്സിക്കോ സ്വദേശിയായ വനിതയും തിരുവനന്തപുരം കീഴാറൂർ സ്വദേശി യുവാവും തമ്മിൽ വിവാഹിതരായത്. വിവാഹത്തെ തുടർന്ന് ഇരുവരും ചേർന്ന് ഡൽഹിയിലും വിദേശത്തുമായി ഏറെക്കാലം താമസിച്ചെങ്കിലും പിന്നീട് യുവാവ് വനിതയെ തഴയാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഈ വനിത പാറശാലയിലെത്തി സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് ഇരുവരും വിവാഹിതരായതിന്റെ വിവരങ്ങൾ ശേഖരിച്ച ശേഷം പാറശാല സ്റ്റേഷനിലെത്തി യുവാവിനെതിരെ പരാതി നൽകി.

വിദേശ വനിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇവർ തമ്മിലുള്ള വിവാഹത്തിന് സാക്ഷികളായിരുന്ന യുവാവിന്റെ അച്ഛൻ, അമ്മ, സഹോദരിമാർ എന്നവരെയും കൂട്ടു പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്ത് പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു.