
തിരുവനന്തപുരം: കോൺഗ്രസ് പതാകയുടെ ത്രിവർണം 2023ലെ കലണ്ടറിൽ തലതിരിച്ച് അച്ചടിച്ചതിനെ തുടർന്ന് സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് അസോസിയേഷനിൽ വിവാദം. ഭാരവാഹി തിരഞ്ഞെടുപ്പിനെ തുടർന്ന് ഭിന്നിച്ച് നിൽക്കുന്നതിനിടെയാണ് പുതിയ വിവാദവും തലപൊക്കിയത്. എം.എസ്.ജ്യോതിഷ് പ്രസിഡന്റും സി.എസ്.ശരത്ചന്ദ്രൻ ജനറൽ സെക്രട്ടറിയുമായ വിഭാഗം ഇന്നലെ വിതരണം ചെയ്ത കലണ്ടറിലാണ് പതാകയിലെ കുങ്കുമ നിറം താഴെയും പച്ചനിറം മുകളിലുമായി അച്ചടിച്ചതായി കണ്ടെത്തിയത്. 1000 കലണ്ടറുകളാണ് അച്ചടിച്ചത്. ഇതിനെതിരെ കെ.പി.സി.സിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് അസോസിയേഷനിലെ ഔദ്യോഗിക പക്ഷമെന്ന് അവകാശപ്പെടുന്ന എം.എസ്.ഇർഷാദ് പ്രസിഡന്റും കെ.ബിനോദ് ജനറൽ സെക്രട്ടറിയുമായ വിഭാഗം.
അതേസമയം, ദേശീയപതാകയോ കോൺഗ്രസിന്റെ പതാകയോ അല്ല അച്ചടിച്ചതെന്നും പ്രൂഫ് വായിച്ചതിലുണ്ടായ വീഴ്ചയാണ് ഇതെന്നും സി.എസ്.ശരത്ചന്ദ്രൻ പറഞ്ഞു.ശ്രദ്ധക്കുറവ് സംഭവിച്ചുവെന്നത് അംഗീകരിക്കുന്നു. തങ്ങൾ ആദ്യം കലണ്ടർ അച്ചടിച്ച് വിതരണം ചെയ്തപ്പോൾ മേൽക്കൈ ലഭിച്ചതിലുള്ള നീരസമാണ് മറുവിഭാഗത്തിന്. കെ.പി.സി.സി വിശദീകരണം ചോദിച്ചാൽ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി