
#നടപടി കേരള കൗമുദി വാർത്തയിൽ ധനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടർന്ന്:
തിരുവനന്തപുരം : ഫയർ ഫോഴ്സിന്റെ വാഹനങ്ങൾക്ക് ഇന്ധനം നിറച്ചതിന് സ്വകാര്യ പമ്പുകളിൽ നൽകാനുള്ള ഒരു കോടിയിലധികം രൂപ അടിയന്തരമായി അനുവദിക്കാൻ ധനകാര്യ വകുപ്പിന് മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ഓഫീസിന്റെ നിർദ്ദേശം.
ഇന്ധനം നിറയ്ക്കാൻ വഴിയില്ലാതെ ഫയർ ഫോഴ്സ് വാഹനങ്ങൾ സംസ്ഥാനത്തുടനീളം കട്ടപ്പുറത്തായ വാർത്ത കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി. ഫയലിനെക്കുറിച്ച് മന്ത്രിയുടെ ഓഫീസിൽ നിന്ന് അന്വേഷിച്ചപ്പോൾ ,ഉദ്യോഗസ്ഥർക്ക് കൃത്യമായ ഉത്തരം നൽകാനായില്ല. പണം അനുവദിച്ചെന്നും ഇല്ലെന്നുമുള്ള മറുപടികളാണ് കിട്ടിയത്. ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥനും ഫയലിനെക്കുറിച്ച് ധാരണയില്ല. നടപടികൾ അതിവേഗത്തിൽ പൂർത്തിയാക്കാൻ ഇന്നലെ രാവിലെ നിർദ്ദേശം നൽകിയെങ്കിലും, വൈകിട്ടും ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയില്ല.
ഭൂരിഭാഗം ജില്ലകളിലെയും ഫയർ ഫോഴ്സ് സ്റ്റേഷനുകളുടെ പ്രവർത്തനം നിലച്ച മട്ടാണ്. ധനകാര്യ വകുപ്പ് എക്സ്പെൻഡിച്ചർ വിഭാഗത്തിലാണ് ഫയലുള്ളത്. ഇന്നെങ്കിലും പണം അനുവദിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണ് മിക്ക ഫയർ സ്റ്റേഷനുകളും. അടിയന്തര സാഹചര്യം നേരിടാനുള്ള ശേഷി നിലവിൽ
സേനയ്ക്ക് ഇല്ലാത്തതിൽ ഉന്നത ഉദ്യോഗസ്ഥരും ആശങ്കയിലാണ്.
ആറു മാസത്തെ കുടിശികയാണ് നൽകാനുള്ളത്. പലതവണ ഫയർഫോഴ്സ് ഡയറക്ടറേറ്റിൽ നിന്ന് കത്ത് ധനകാര്യ വിഭാഗത്തിയെങ്കിലും അടിയന്തര പ്രധാന്യമുള്ള വിഷയം നിസാരവത്കരിക്കുകയായിരുന്നു . കുടിശിക തീർക്കാതെ ഇന്ധം നിറയ്ക്കാനെത്തരുതെന്ന് പമ്പുടമകൾ അധികൃതരെ അറിയിച്ചതോടെ, അടിയന്തര സാഹചര്യങ്ങൾക്കായി ഫയർ സ്റ്റേഷനുകളിൽ കരുതിവച്ചിരുന്ന ഇന്ധനമാണ് മിക്ക ഇടങ്ങളിലും ഉപയോഗിച്ചത്. 129 ഫയർ സ്റ്റേഷനുകളിലെയും ആസ്ഥാനത്തെയും വാഹനങ്ങളുടെ ഇന്ധനം നിറച്ച തുകയാണ് നൽകാനുള്ളത്. ഓരോ സ്റ്റേഷന്റെയും സമീപത്തെ പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്ക്കാനാണ് അനുമതി . നഗര പ്രദേശങ്ങളിലെ സ്റ്റേഷനുകൾ പമ്പുകൾക്ക് അഞ്ചു മുതൽ എട്ടു ലക്ഷം വരെയും ഗ്രാമീണ മേഖലയിൽ ഒന്നര മുതൽ മൂന്നു ലക്ഷം വരെയുമാണ് നൽകാനുള്ള കുടിശിക.