തിരുവനന്തപുരം: അന്താരാഷ്ട്ര തുറമുഖം ഉൾപ്പെടുന്ന വിഴിഞ്ഞം കേന്ദ്രീകരിച്ച് പുതിയ പൊലീസ് സബ് ഡിവിഷൻ രൂപീകരിക്കണമെന്നാവശ്യം ശക്തം. ലോകശ്രദ്ധ നേടിയ വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തെ തന്നെ തന്ത്രപ്രധാന കേന്ദ്രങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര തുറമുഖവും രാജ്യാന്തര ടൂറിസം കേന്ദ്രമായ കോവളം, തിരുവല്ലം എന്നീ മേഖലകളുമുൾപ്പെടുത്തി വിഴിഞ്ഞത്ത് പുതിയ പൊലീസ് സബ് ഡിവിഷൻ രൂപീകരിക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. വിഴിഞ്ഞത്തെ വിവിധ റസിഡന്റ്സ് അസോസിയേഷനുകളും രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ സംഘടനകളുമാണ് വിഴിഞ്ഞം സബ് ഡിവിഷനുവേണ്ടി മുറവിളി തുടങ്ങിയത്.
നിലവിൽ ഫോർട്ട് പൊലീസ് സബ് ഡിവിഷൻ പരിധിയിലാണ് വിഴിഞ്ഞം. സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിൽ വിഴിഞ്ഞം കേന്ദ്രീകരിച്ച് പുതിയ അസി.കമ്മിഷണർ ഓഫീസ് നിലവിൽ വന്നാൽ വിഴിഞ്ഞമുൾപ്പെടെയുള്ള തീര സുരക്ഷ കൂടുതൽ ശക്തമാക്കാൻ കഴിയും.
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പ്രദേശമെന്ന നിലയിലും പഴുതടച്ച സുരക്ഷ സാദ്ധ്യമാക്കാൻ ഇത് ഉപകരിക്കുമെന്നാണ് സബ് ഡിവിഷനായി മുറവിളി കൂട്ടുന്നവർ ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരം റൂറൽ പൊലീസ് ജില്ലയിലെ കാഞ്ഞിരംകുളം, പൂവാർ സ്റ്റേഷനുകൾ കൂടി വിഴിഞ്ഞം സബ് ഡിവിഷന്റെ പരിധിയിലാക്കിയാൽ അവിടുത്തുകാർക്കും പ്രയോജനപ്രദമായിരിക്കുമെന്നും ഇവർ നിർദേശിക്കുന്നു. എന്നാൽ മേലധികാരികളിൽ നിന്നോ സർക്കാരിൽ നിന്നോ ഇത്തരത്തിലുള്ള യാതൊരു വിധ അറിയിപ്പുകളും ലഭിച്ചിട്ടില്ലെന്നാണ് ഇത് സംബന്ധിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻകുമാർ ഇത് സംബന്ധിച്ച് പ്രതികരിച്ചത്.