തിരുവനന്തപുരം: നാലാം ദിവസമായ ഇന്നലെ ചലച്ചിത്രമേളയെ ആവേശത്തിലാക്കി ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നൻപകൽ നേരത്ത് മയക്കം'. മമ്മൂട്ടി നായകനായ ഈ ചിത്രത്തിന്റെ ആദ്യ പ്രദർശനമായിരുന്നു ഇന്നലെ. മേള തുടങ്ങുംമുമ്പേതന്നെ സിനിമാപ്രേമികൾ ചിത്രത്തെക്കുറിച്ച് ചർച്ച തുടങ്ങിയിരുന്നു.ആദ്യ പ്രദർശനത്തോടെ ചർച്ച കൂടുതൽ സജീവമായി.ഐ.എഫ്.എഫ്‌.കെയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ നിറഞ്ഞുകവിഞ്ഞ സദസിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെയും ലിജോയെയും പ്രശംസിച്ചുകൊണ്ടാണ് നിരവധി പേർ രംഗത്തെത്തുന്നത്. മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു നാഴികക്കല്ലെന്നും ലിജോയുടെ മികച്ച മറ്റൊരു സിനിമയെന്നും പ്രേക്ഷകർ കുറിക്കുന്നു.ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്ക് മമ്മൂട്ടി നന്ദി പറഞ്ഞു. 'ഐ.എഫ്.എഫ്‌.കെയിൽ നിന്നുള്ള നൻപകൽ നേരത്ത് മയക്കത്തിന്റെ എല്ലാ പ്രതികരണങ്ങളും അവലോകനങ്ങളും ഏറെ സന്തോഷിപ്പിക്കുന്നു' എന്നാണ് മമ്മൂട്ടി നന്ദി പോസ്റ്റർ പങ്കുവച്ച് സമൂഹ മാദ്ധ്യമത്തിൽ കുറിച്ചത്. നാളെയും 'നൻപകൽ നേരത്ത് മയക്കം' പ്രദർശിപ്പിക്കും.

കിം കി ഡുക്കിന്റെ അവസാന ചിത്രം കാൾ ഒഫ് ഗോഡിന്റെ ആദ്യ പ്രദർശനം ഉൾപ്പെടെ ഇന്ന് മേളയിലെത്തുന്നത് 66 ചിത്രങ്ങളാണ്. മത്സര ചിത്രങ്ങളായ കെർ,എ പ്ലേസ് ഓഫ് അവർ ഓൺ എന്നിവയുടെ ആദ്യ പ്രദർശനവും ക്‌ളോണ്ടൈക്ക് ,ഹൂപ്പോ എന്നിവയുടെ അവസാന പ്രദർശനവും ഇന്നുണ്ടാകും.11 മത്സര ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുക. നൈറ്റ് ക്ലബിൽ ഡ്രാഗ് ക്വീനായ യുവാവ് തന്റെ ജോലി മാന്യമാണെന്ന് ഭാര്യയെ വിശ്വസിപ്പിക്കാൻ നടത്തുന്ന ശ്രമം പ്രമേയമാക്കിയ സൗത്ത് ആഫ്രിക്കൻ ചിത്രം സ്റ്റാൻഡ് ഔട്ട്, ഇരട്ട സഹോദരന്മാരായ ബഹിരാകാശ യാത്രികരിലൊരാളുടെ ജീവിതത്തിലെ വിചിത്രസംഭവങ്ങൾ ചിത്രീകരിച്ച ഫ്രഞ്ച് ചിത്രം ട്രോപ്പിക്, സൈക്കോളജിക്കൽ ത്രില്ലർ ബറീഡ് , മിയ ഹാൻസെൻ ലൗ ചിത്രം വൺ ഫൈൻ മോർണിംഗ് തുടങ്ങിയ 20 ചിത്രങ്ങളാണ് ഇന്ന് ലോകസിനിമാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് നേടിയ ബേലാ താറിന്റെ വെർക്‌മെയ്സ്റ്റർ ഹാർമണീസ്,ജോണി ബെസ്റ്റ് തത്സമയ സംഗീതമൊരുക്കുന്ന ഫാന്റം ക്യാരിയേജ് , സെർബിയൻ ചിത്രം ഫാദർ എന്നിവയുടെ പ്രദർശനവും ഇന്നുണ്ടാകും. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്ക് ഉൾപ്പെടെ പത്തു മലയാള ചിത്രങ്ങളാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. അന്തരിച്ച എഴുത്തുകാരൻ ടി.പി.രാജീവന് പ്രണാമം അർപ്പിച്ച് ഹോമേജ് വിഭാഗത്തിൽ പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥയുടെ പ്രദർശനവും ഇന്നുണ്ടാകും.