മലയിൻകീഴ്: പെൺമക്കൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച പിതാവ് വിഷം കഴിച്ച് സ്റ്റേഷനിലെത്തി. മച്ചേൽ പ്ലാങ്കോട്ടുമുകൾ സരസ്വതി മന്ദിരത്തിൽ വാടകയ്ക്കു താമസിക്കുന്ന അനിൽകുമാറാണ് (48) വിഷം കഴിച്ച് സ്റ്റേഷനിലെത്തിയത്. വിഷം കഴിച്ചതിനെ തുടർന്ന് ഛർദ്ദിച്ച് അവശനിലയിലായ ഇയാൾ തുടർന്ന് സ്റ്റേഷന് മുന്നിൽ കുഴഞ്ഞുവീണു. ഇന്നലെ ഉച്ചയോടെ മലയിൻകീഴ് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ബിരുദത്തിനും പ്ലസ്ടുവിനും പഠിക്കുന്ന രണ്ട് മക്കളാണ് അനിൽകുമാറിനുള്ളത്. പിതാവ് നിരന്തരം തങ്ങളെ വഴക്കുപറയുകയും അടിക്കുകയും ചെയ്യുന്നതായി ഇവർ കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി അനിൽകുമാറിനെ സ്റ്റേഷനിൽ വിളിപ്പിച്ചു. സ്റ്റേഷനിലെത്തിയ അനിൽകുമാർ താൻ മക്കളെ ഉപദ്രവിച്ചിട്ടില്ലെന്നും ഇവിടേക്ക് വരും മുൻപ് വിഷം കഴിച്ചെന്നും പൊലീസിനോടു പറഞ്ഞു.
പൊലീസ് ഉടനെ ആംബുലൻസ് വരുത്തി മലയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. അനിൽകുമാർ ഭാര്യയുമായി ബന്ധം വേർപെടുത്തി കഴിയുകയാണ്.