ശ്രീകാര്യം : ഗവ.എൻജിനിയറിംഗ് കോളേജ് (സി.ഇ.ടി) കാമ്പസിലെ രൂക്ഷമായ നായ് ശല്യം ഒഴിവാക്കാൻ ഇന്നലെ കോളേജിന് അവധി നൽകിയ ശേഷം നഗരസഭാ ജീവനക്കാരുടെ സഹായത്തോടെ നായ്ക്കളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല. രണ്ട് നായ്ക്കളെ മാത്രമേ പിടിക്കാനായുള്ളു. നായ്ക്കളെ പിടികൂടുന്നതിനെതിരെയെത്തിയ മൃഗസംരക്ഷണ പ്രവർത്തകരുടെ പ്രതിഷേധവും തടസമായി. ഞായറാഴ്ച പുറത്തു നിന്നെത്തിയ പേവിഷബാധയുള്ള നായ കാമ്പസിൽ കിടന്ന തെരുവ് നായ്ക്കളെ കടിക്കുകയും അവ മറ്റു നായ്ക്കളെ കടിക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥൻ പ്രിൻസിപ്പലിന് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് കോളജിന് അവധി നൽകിയത്. സംഭവത്തെത്തുടർന്ന് കാമ്പസും സി.ഇ.ടി പരിസരവും ഭീതിയിലാണ്. ഏകദേശം ഇരുന്നൂറോളം നായകൾ കാമ്പസിൽ പെറ്റുപെരുകി കിടപ്പുണ്ട്. നായ്ക്കളെ പിടികൂടിയാലും കോർപ്പറേഷൻ വീണ്ടും കോളജ് കാമ്പസിൽ കൊണ്ടുവിടുന്നതായി അദ്ധ്യാപകർ ആരോപിക്കുന്നു. തെരുവ് നായ്ക്കൾക്കായി ഷെൽട്ടർ ഒരുക്കാൻ ഇതേവരെ കോർപ്പറേഷൻ തയാറായിട്ടില്ല. അപകടകാരികൾ അല്ലാതിരുന്നതിനാൽ ആർക്കും പരാതികളില്ലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പുറത്ത് നിന്നെത്തിയ നായ കാമ്പസിലെ മറ്റ് നായ്ക്കളെ കടിച്ചതാണ് പെട്ടെന്നുള്ള പരിഭ്രാന്തിക്ക് കാരണമായത്. കോളേജിന് അവധിയായിരുന്നെങ്കിലും മുൻനിശ്ചയിച്ച പരീക്ഷകളും ഓൺലൈൻ ക്ലാസുകളും മുടക്കം കൂടാതെ നടന്നു. ഇന്ന് പതിവു പോലെ ക്ലാസുകൾ ഉണ്ടായിരിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. സുരേഷ് ബാബു പറഞ്ഞു.