canteen

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിൽ കഴിഞ്ഞ രണ്ടര വർഷമായി അടഞ്ഞുകിടക്കുന്ന കുടുംബശ്രീയുടെ കാന്റീൻ ജനകീയ ഹോട്ടലാക്കി തുറന്ന് പ്രവർത്തിപ്പിക്കണമെന്ന ആവശ്യം ശക്തം. കഴിഞ്ഞ 25 കൊല്ലമായി ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കാന്റീനാണ് കൊവിഡിനെ തുടർന്ന് അടച്ചുപൂട്ടിയത്.
കോളേജിൽ റെഗുലർ ക്ലാസുകൾ ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും കാന്റീനിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ ഇതുവരെ ബന്ധപ്പെട്ടവർ നടപടി സ്വീകരിച്ചിട്ടില്ല. കുട്ടികൾക്ക് മിതമായ നിരക്കിൽ ഭക്ഷണം ലഭിച്ചിരുന്നത് ഈ കാന്റീനിലൂടെയാണ്. നിലവിൽ 750ലധികം വിദ്യാർത്ഥികളും,നൂറിലധികം അദ്ധ്യാപക - അനദ്ധ്യാപക ജീവനക്കാരും ഈ കോളേജിലുണ്ട്. ഇതിനു പുറമേ കോളേജിനു പുറത്ത് ആറ്റിങ്ങൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളും പ്രവർത്തിക്കുന്നുണ്ട്. ഇവിടെയും ആയിരത്തിന് പുറത്ത് വിദ്യാർത്ഥികളും അനേകം ജീവനക്കാരുമുണ്ട്.

ഇവർക്കെല്ലാം കുറഞ്ഞ ചെലവിൽ ഭക്ഷണം കിട്ടാൻ കോളേജ് കാന്റീനിലൂടെ പറ്റുമായിരുന്നു. അടിയന്തരമായി കാന്റീൻ പ്രവർത്തനം പുനഃരാരംഭിക്കണമെന്നാണ് വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ആവശ്യം.

ഭക്ഷണം കിട്ടാൻ ബുദ്ധിമുട്ട്

ദൂരദേശങ്ങളിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾക്കടക്കം രാവിലെ ഭക്ഷണവുമായി എത്താൻ പലപ്പോഴും കഴിയാറില്ല.

ഇവർ ഇപ്പോൾ ഭക്ഷണത്തിനായി കാമ്പസിന് പുറത്തെ ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. ഇതിന് വലിയ വിലയും നൽകണം.

കാന്റീൻ ഉപകാരമായനേ

ആറ്റിങ്ങൽ നഗരസഭയുടെ നേതൃത്വത്തിൽ കുടുംബശ്രീ യൂണിറ്റാണ് ഈ കാന്റീൻ നടത്തിയിരുന്നത്. പ്രവർത്തനം പുനരാരംഭിക്കാൻ അടിയന്തരമായി നഗരസഭ തന്നെ മുൻ കൈയെടുക്കണമെന്നും, ജനകീയ ഹോട്ടലാക്കി മാറ്റിയാൽ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും കുറഞ്ഞ ചെലവിൽ ഭക്ഷണം ലഭിക്കുകയും ചെയ്യും. കുടുംബശ്രീ കാന്റീനിന് കോളേജ് ഓഡിറ്റോറിയത്തിനു സമീപം നിലവിൽ കെട്ടിടവുമുണ്ട്. കാന്റീനിന്റെ പ്രവർത്തനം പുനരാരംഭിച്ചാൽ നിരവധി പേർക്ക് തൊഴിൽ സാദ്ധ്യതയുമുണ്ടാകും.