
വിതുര: പൊന്മുടി - തിരുവനന്തപുരം സംസ്ഥാന പാതയിലെ വിതുര ചിറ്റാറിലും വിതുര - പൊന്നാംചുണ്ട് തെന്നൂർ റൂട്ടിലെ പൊന്നാംചുണ്ടിലും പുതിയ പാലം നിർമ്മിക്കുന്നതിനായുള്ള നടപടിക്രമങ്ങൾക്ക് തുടക്കം കുറിച്ചു. മഴയത്ത് വെള്ളത്തിൽ മുങ്ങുന്ന പൊന്നാംചുണ്ടിലും ചിറ്റാറിലും പുതിയ പാലം നിർമ്മിക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. നേരത്തെ ചിറ്റാറിലും പൊന്നാംചുണ്ടിലും പാലം നിർമ്മിക്കുന്നതിനായി ഫണ്ട് അനുവദിച്ചിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. സ്ഥലം എം.എൽ.എ ഇടപെട്ടതിനെ തുടർന്ന് ഗവൺമെന്റ് നിയോഗിച്ച വിദഗ്ദ്ധസമിതി പരിശോധന നടത്തി മടങ്ങിയിരുന്നു. സ്ഥലപരിശോധനയുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ അഭിപ്രായങ്ങളും പരാതികളും സംഘം വിലയിരുത്തി. തൊട്ടടുത്ത ദിവസം തന്നെ വിദഗ്ദ്ധസമിതി കൂടിയശേഷം റിപ്പോർട്ട് ഗവൺമെന്റിന് സമർപ്പിക്കുമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കാൻ വിദഗ്ദ്ധസമിതി ഗവൺമെന്റിനോട് ശുപാർശ ചെയ്യുമെന്നും കൺവീനർ പ്രൊഫസർ താരാഭായി പറഞ്ഞു. സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ് റഷീദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷ.ജി.ആനന്ദ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തേവിയോട് സന്ധ്യ, പൊന്നാംചുണ്ട് വാർഡ് മെമ്പർ രവികുമാർ, ആനപ്പാറ വാർഡ് മെമ്പർ വിഷ്ണു, സി.പി.എം വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എൻ അനിൽ കുമാർ, സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാരായ ഗോപാലകൃഷ്ണൻ നായർ, മുകേഷ് ,സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിമാരായ പൊന്നാംചുണ്ട് ബാലൻ, ഗോപൻ.ജി,തങ്കരാജൻ ആർ.കെ ഷിബു തുടങ്ങിയവരും വിദഗ്ദ്ധസമിതിയോടൊപ്പം ഉണ്ടായിരുന്നു.
വിദഗ്ദ്ധസമിതി
പതിറ്റാണ്ടുകളായി പൊതുജനങ്ങൾ ആവശ്യപ്പെടുന്ന പൊന്നാംചുണ്ട് - ചിറ്റാർ പാലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്ഥലം എം.എൽ.എ കൂടിയായ അഡ്വക്കേറ്റ്. ജി .സ്റ്റീഫന്റെ ഇടപെടലിനെ തുടർന്ന് പൊന്നാംചുണ്ട് - ചിറ്റാർ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് സാമൂഹിക പ്രത്യാഘാത പഠനത്തിന്റെ അടിസ്ഥാനത്തിൽ ഗവൺമെന്റ് നിയോഗിച്ച വിദഗ്ദ്ധസമിതി എത്തി പരിശോധന നടത്തി. വിദഗ്ദ്ധസമിതി അംഗങ്ങളായ റിട്ട. സോഷ്യോളജി വിഭാഗം പ്രൊഫസർ താരാഭായി, സോഷ്യൽ വെൽഫെയർ അഡീഷണൽ ഡയറക്ടർ ഡോക്ടർ. പ്രതാപൻ, റവന്യു സ്ഥലമെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ഷീജ ബീഗം, തഹസിൽദാർ സ്മിതാ റാണി, പാലം വിഭാഗം അസിസ്റ്റന്റ് എൻജിനിയർ ജിജോ, ജനപ്രതിനിധികൾ അടങ്ങുന്ന വിദഗ്ദ്ധസമിതിയാണ് പൊന്നാംചുണ്ട് - ചിറ്റാർ പാലത്തിന്റെ പരിശോധനയ്ക്ക് എത്തിയത്.