കണ്ണൂർ: കാർഷിക- നിർമാണ മേഖലകളിലുൾപ്പെടെ സകല രംഗത്തും സ്തംഭനാവസ്ഥയാണെന്നും ഒരു ഭാഗത്ത് വിലക്കയറ്റവും മറുഭാഗത്ത് സ്വജനപക്ഷപാതവുമായി ജനങ്ങളെ മുഖവിലയ്ക്കെടുക്കാതെ മുന്നോട്ടുപോകുന്ന സർക്കാരാണ് ഇവിടെയുള്ളതെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്ന പിൻവാതിൽ നിയമനങ്ങൾക്കും സി.പി.എം -ലഹരി മാഫിയ അവിശുദ്ധകൂട്ടുകെട്ടിനും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനുമെതിരെ കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ നടന്ന യു.ഡി.എഫ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യം കൊടുത്ത് ജനങ്ങളുടെ പട്ടിണി മാറ്റാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. പിണറായിയുടെ കണക്കിൽ മദ്യം ലഹരിയല്ലെന്നും ലഹരി കൊടുത്താണ് ഇടതുപക്ഷ സർക്കാർ കലാലയ രാഷ്ട്രീയത്തെ പുഷ്ടിപ്പെടുത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാഠ്യപദ്ധതി പരിഷ്കരണം വിദ്യാഭ്യാസ രംഗത്തെ പിന്നോട്ടടിക്കുന്നതാണ്. സമയമാറ്റമെന്ന ആശയം പൊതുസമൂഹത്തിന് മുഴുവൻ ബാധകമാക്കാതെ സ്കൂളുകൾക്ക് മാത്രം നടപ്പിലാക്കുന്നത് അംഗീകരിക്കാനാകില്ല. പുരോഗമനമെന്ന പേരിൽ വിദ്യാർത്ഥികളെ ഇടകലർത്തിയിരുത്തുന്നത് ലൈംഗിക അരാജകത്വം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി മാത്യു അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, യു.ഡി.എഫ് ജില്ലാ കൺവീനർ അബ്ദുൾ കരീം ചേലേരി, സി.എ അജീർ, മേയർ അഡ്വ. ടി.ഒ മോഹനൻ, അഡ്വ. കെ.എ ഫിലിപ്പ്, ഇല്ലിക്കൽ അഗസ്തി, എ.വി മധുസൂദനൻ, സി.കെ സഹജൻ, ജോസ് ചുക്കിനാനി എന്നിവർ നേതൃത്വം നൽകി.