k

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സമയബന്ധിതമായി ശമ്പളം നൽകാൻ നിർദ്ദേശിച്ചതായി മന്ത്രി ആന്റണിരാജു നിയമസഭയിൽ പറഞ്ഞു. ശമ്പള കുടിശികയില്ല. സർക്കാർ നൽകുന്ന അമ്പത് കോടി ലഭിക്കാൻ വൈകുന്നതിനാലുണ്ടാവുന്ന സ്വാഭാവികമായ കാലതാമസം മാത്രമാണ്. സുശീൽഖന്ന റിപ്പോർട്ട് നടപ്പാക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളുടെ എണ്ണം 95ൽ നിന്ന് 15 ആക്കി. വർക്ക്ഷോപ്പുകളുടെ എണ്ണം 98ൽ നിന്ന് 22 ആക്കി. അയ്യായിരത്തിലധികം ബസുകളുണ്ടെങ്കിലും അശാസ്ത്രീയ ഡ്യൂട്ടി പാറ്റേൺ കാരണം നാലായിരത്തോളം ബസുകളേ ഓടിക്കാനായുള്ളൂ. പുതിയ ഡ്യൂട്ടി പാറ്റേൺ പാറശ്ശാല ഡിപ്പോയിൽ നടപ്പാക്കി. 800 ബസ്സുകൾ കൂടുതലായി ഓടിക്കുകയാണ് ലക്ഷ്യം. ബസുകൾ വാങ്ങാൻ 814കോടി രൂപ കുറഞ്ഞ പലിശയ്ക്ക് കിഫ്ബി നൽകും. ഒരു വർഷത്തിനകം 1783 പുതിയ ബസുകൾ വാങ്ങും.