
വിഴിഞ്ഞം: കൊവിഡ് വ്യാപനത്തിനുശേഷം ടൂറിസം കേന്ദ്രങ്ങൾ സജീവമാകുമ്പോഴും കോവളം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ ജീവനായി കാവൽ നിൽക്കുന്ന ലൈഫ് ഗാർഡുകൾക്കുള്ള ശമ്പളവിതരണം മുടങ്ങുന്നു. ആത്മാർത്ഥതയോടെ ജോലി ചെയ്‌തിട്ടും അധികൃതർ തങ്ങളെ പരിഗണിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.
60 വയസുകഴിഞ്ഞവരെ പിരിച്ചുവിട്ടശേഷം പകരം നിയമനം നടത്താത്തതിനാൽ അധിക ജോലിയെടുക്കേണ്ടി വരുന്നു. കേടായതും പഴയതുമായ ജീവൻ രക്ഷാഉപകരങ്ങൾ മാത്രമാണ് കൈശമുള്ളതെന്നും കോവളത്തെ ഇൻഫർമേഷൻ ഓഫീസറെ മാറ്റിയതിനാൽ ശമ്പളത്തിന്റെ കാര്യത്തിൽ വ്യക്തതയില്ലെന്നും ഇവർ പറഞ്ഞു.
ഇൻഫർമേഷൻ
ഓഫീസർ ഇനിയില്ല
കോവളത്തുണ്ടായിരുന്ന ഇൻഫർമേഷൻ ഓഫീസർ തസ്‌തിക ടൂറിസം ഡയറക്ടറേറ്റിലേക്ക് മാറ്റി. അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്‌തികയിൽ പകരം നിയമനം ഉണ്ടാകുമെന്ന് പറയുന്നെങ്കിലും അക്കാര്യത്തിലും ഉറപ്പില്ല. ടൂറിസം സീസൺ ആരംഭിച്ചിട്ടും വിനോദസഞ്ചാരികൾക്ക് വ്യക്തമായ വിവരങ്ങളും മാർഗനിർദ്ദേശങ്ങളും നൽകാൻ നിലവിൽ ആളില്ലാത്ത അവസ്ഥയിലാണ്. കോവളത്തെ ടൂറിസം ഇൻഫർമേഷൻ ഓഫീസിൽ ട്രെയിനിയായി ഒരാളെ നിയമിച്ചിട്ടുണ്ടെങ്കിലും സർക്കാർ ഇടപെടൽ കൂടുതൽ ഫലപ്രദമാകണമെന്നാണ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആവശ്യം.
തിരക്ക് വർദ്ധിക്കുന്നു
ആയുർവേദ ചികിത്സ തേടി നിരവധി റഷ്യൻ സഞ്ചാരികൾ കോവളത്തേക്ക് എത്തുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ പേരെത്തുമെന്നാണ് പ്രതീക്ഷ. ക്രിസ്‌മസ് - ന്യൂഇയർ ആഘോഷം പ്രമാണിച്ച് കൂടുതൽ വിനോദ സഞ്ചാരികളെത്തുന്നതോടെ ടൂറിസം സീസണ് ഉണർവേകും.