
നെയ്യാറ്റിൻകര: ശബരിമല തീർത്ഥാടകർക്ക് ഇടത്താവളം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി പ്രവർത്തകർ നെയ്യാറ്റിൻകരയിൽ ദേവസ്വം ബോർഡ് അസി.കമ്മീഷണർ ദിലീപ് കുമാറിനെ തടഞ്ഞുവച്ചു .കൊവിഡിന് മുൻപ് പാറശാല മഹാദേവർ ക്ഷേത്രം, കൊറ്റാമം അയ്യപ്പക്ഷേത്രം, നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ഇടത്താവളം ക്രമീകരിച്ചിരുന്നെങ്കിലും കൊവിഡിന് ശേഷം ഇടത്താവളം അനുവദിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
കഴിഞ്ഞ സീസണിലും ഇടത്താവളം അനുവദിക്കുന്നതു സംബന്ധിച്ച് അധികൃതർക്ക് നിവേദനം നൽകിയിരുന്നു. മണ്ഡലകാലം തുടങ്ങിയതു മുതൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ധാരാളം അയ്യപ്പൻമാർ കളിയിക്കാവിള അതിർത്തി വഴി ശബരിമലയ്ക്ക് പോകുന്നുണ്ട്. 10-15 ദിവസങ്ങൾ യാത്ര ചെയ്താണ് കേരളത്തിലേക്ക് അയ്യപ്പൻമാർ എത്തുന്നത്. കൂട്ടമായി എത്തുന്ന തീർത്ഥാടകർക്ക് വഴിമദ്ധ്യേ വിശ്രമിക്കാനോ മറ്റ് പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാനോ പറ്റാത്ത അവസ്ഥയാണ്.
നിലവിൽ പെട്രോൾ പമ്പുകൾ, റോഡരികിലെ മൈതാനങ്ങൾ ഇവിടെയാണ് അയ്യപ്പഭക്തർ തങ്ങുന്നത്. ഇത്തരത്തിൽ ദേശീയപാത വഴി യാത്ര ചെയ്യുന്ന തീർത്ഥാടകർക്ക് വിശ്രമിക്കുന്നതിനു വേണ്ടിയുള്ള ക്രമീകരണങ്ങൾ സജ്ജീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഹിന്ദു ഐക്യവേദി ജില്ലാസെക്രട്ടറി അഡ്വ.മോഹൻകുമാറിന്റെ നേതൃത്വത്തിൽ ഉപരോധം സംഘടിപ്പിച്ചത്. ഇടത്താവളങ്ങൾ ക്രമീകരിക്കുന്നതു സംബന്ധിച്ച് അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്ന് ഹിന്ദു ഐക്യവേദി പ്രവർത്തകർ അറിയിച്ചു. രണ്ട് ദിവസത്തിനകം പഴയ ഇടത്താവളങ്ങൾ ക്രമീകരിക്കാൻ വേണ്ട നടപടി കൈക്കൊള്ളുമെന്ന് ദേവസ്വം അസി.കമ്മീഷണർ ദിലീപ് കുമാർ ഉറപ്പുനൽകി.