
തിരുവനന്തപുരം: അംഗങ്ങളുടെ ചോദ്യങ്ങൾക്കുള്ള ദീർഘമായ മറുപടി മന്ത്രിമാർ വായിക്കുന്ന രീതി അവസാനിപ്പിച്ച് , മേശപ്പുറത്ത് വയ്ക്കുന്ന പാർലമെന്റിലെ രീതി നിയമസഭയിലും കൊണ്ടുവരണമെന്ന് മന്ത്രി പി.രാജീവ്.എങ്കിൽ ഉപ ചോദ്യത്തിനും അതാവാമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ.
ഇന്നലെ ചോദ്യോത്തര വേളയിലായിരുന്നു സംഭവം. ദീർഘമായ മറുപടി മന്ത്രി പി.രാജീവ് വായിക്കുന്നതിനിടെ മേശപ്പുറത്ത് വയ്ക്കാമെന്ന് സ്പീക്കർ എ.എൻ.ഷംസീർ നിർദേശിച്ചു.. തുടർന്ന് മന്ത്രി രാജീവ് മറുപടി വായിക്കാതെ മേശപ്പുറത്ത് വച്ചു. അടുത്ത ഉപചോദ്യത്തിന് എഴുന്നേറ്റ തിരുവഞ്ചൂർ, തനിക്കു മറുപടി പൂർണമായും കേൾക്കാനായില്ലെന്നും ഉപചോദ്യവും മേശപ്പുറത്ത് വയ്ക്കാമെന്ന് പറഞ്ഞു.
പട്ടികജാതി വ്യവസായ സഹകരണ സംഘങ്ങൾക്ക് എം.എൽ.എ ഫണ്ടും തദ്ദേശ സ്ഥാപന ഫണ്ടും അനുവദിക്കണമെന്ന സജി ചെറിയാന്റെ ആവശ്യത്തിന്, എം.എൽ.എയ്ക്ക് തന്നെ ഇക്കാര്യത്തിൽ ഫണ്ടു നൽകി തുടക്കമിട്ട് മാതൃകയാവാമെന്ന് മന്ത്രി പി.രാജീവ്. മറുപടി നൽകി.
കശുഅണ്ടി വ്യവസായികൾ
ആത്മഹത്യ ചെയ്തിട്ടില്ലെന്ന്
കശുഅണ്ടി മേഖലയിലെ പ്രതിസന്ധിമൂലം വ്യവസായകൾ ആത്മഹത്യ ചെയ്തതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മന്ത്രി പി.രാജീവ്. ആത്മഹത്യ ചെയ്തവ 5 വ്യവസായികളുടെ പേരു സഹിതം വെളിപ്പെടുത്തിയും, ഇത്തരം വിവരങ്ങൾ മന്ത്രിക്ക് നൽകാത്ത ഉദ്യോഗസ്ഥരുടെ നടപടി ദൗർഭാഗ്യകരമെന്നും വിമർശിച്ച് പി.സി വിഷ്ണുനാഥ്. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ രണ്ടര ലക്ഷം തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ നിരവധി തവണ വ്യവസായികളുമായി താൻ ചർച്ച ചെയ്തിട്ടുണ്ടെന്നും , ആത്മഹത്യ ചെയ്തവരുടെ കാര്യം ഇവരാരും പറഞ്ഞിട്ടില്ലെന്നും മന്ത്രി തിരിച്ചടിച്ചു.