fire

തിരുവനന്തപുരം: കുമാരപുരം അവിട്ടം റോഡിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഉടമ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. ഇന്നലെ രാവിലെ ഏഴരയോടെ അവിട്ടം റോഡിലെ ടി.സി 16/3944 വീട്ടിലെ സ്വീകരണമുറിയിലാണ് അപകടമുണ്ടായത്. മറ്റൊരു മുറിയിലായിരുന്നതിനാൽ ഉടമ ദിനേശ് എം.ജോർജ് അപകടത്തിൽപ്പെടാതെ രക്ഷപ്പെടുകയായിരുന്നു.

അലമാരയും ഫർണീച്ചറും ബുക്ക് ഷെൽഫും അടക്കമുള്ള സാധനങ്ങൾ കത്തിനശിച്ചു. രാവിലെ വീട്ടിൽ നിന്ന് പുക ഉയരുന്നതുകണ്ട അയൽവാസികളാണ് വിവരം ഫയർഫോഴ്‌സിനെ അറിയിച്ചത്. അപകട കാരണം വ്യക്തമല്ലെന്ന് ചാക്ക ഫയർഫോഴ്സ് വ്യക്തമാക്കി. ഷോർട്ട് സർക്യൂട്ടാണോ ആരെങ്കിലും തീയിട്ടതാണോ എന്ന സംശയവും ഉദ്യോഗസ്ഥർക്കുണ്ട്. ഏറെ നാളുകളായി ഒറ്റയ്‌ക്ക് താമസിക്കുന്ന കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനിയറായ ദിനേശ് എം.ജോർജ് മാനസിക വെല്ലുവിളികൾ നേരിടുന്നയാളാണെന്നും വീട്ടിൽ അലക്ഷ്യമായി ബാറ്ററികളും ഇലക്ട്രിക്കൽ ഉപകരണങ്ങളും കൂട്ടിയിട്ടിരിക്കുകയാണെന്നും ഫയർഫോഴ്സ് പറഞ്ഞു.എട്ട് മുറികളുള്ള ഒരുനില വീട്ടിലെ ഹാളിനു സമീപത്തെ മുറിയിലായിരുന്നു ദിനേശ്. വെന്റിലേഷനുണ്ടായിരുന്ന മുറിയിലെ ജനാലകൾ തുറന്നിട്ടിരുന്നതിനാലാണ് വൻദുരന്തം ഒഴിവായത്. കുടുംബ ഡോക്ടറെത്തി ദിനേശിനെ പ്രാഥമിക പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.