guru

കാരേറ്റ്: മുതിർന്ന സി.പി.എം നേതാവ് പി.കെ. ഗുരുദാസൻ ഇനി പൗർണമി വീടിന്റെ ഗൃഹനാഥൻ. മന്ത്രിയും എം.എൽ.എയും സി.പി.എം ജില്ലാ സെക്രട്ടറിയുമായിരുന്ന അദ്ദേഹത്തിന് പ്രിയ സഖാക്കളൊരുക്കിയ സ്നേഹവീടായ പൗർണമിയുടെ ഗൃഹപ്രവേശനം നാളെ രാവിലെ 11ന് നടക്കും.

പുളിമാത്ത് പഞ്ചായത്തിൽ കാരേറ്റ് പേടികുളത്ത് ഭാര്യ ലില്ലിക്ക് ഓഹരിയായി ലഭിച്ച പത്ത് സെന്റ് ഭൂമിയിലാണ് വീട് യാഥാർത്ഥ്യമായത്.

കാൽ നൂറ്റാണ്ടിലേറെക്കാലം അദ്ദേഹം താമസിച്ചിരുന്ന കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിനു സമീപത്തെ വാടകവീട്ടിന്റെ പേരായ പൗർണമി എന്നാണ് പുതിയ വീടിനും നൽകിയിരിക്കുന്നത്. ആറ് ദശാബ്‌ദക്കാലം രാഷ്ട്രീയ ജീവിതത്തിൽ നിറഞ്ഞുനിന്ന പി.കെ. ഗുരുദാസന് സ്വന്തമായൊരു വീട് നിർമ്മിക്കാൻ കഴിഞ്ഞിരുന്നില്ല. വിവാഹിതരായ സീമ,​ദിവ,രൂപ എന്നീ പെൺമക്കളും കാനഡയിൽ ജോലി ചെയ്യുന്ന ഗിരിയുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.

എ.കെ.ജി സെന്ററിന് സമീപത്തെ പാർട്ടിയുടെ ഫ്ലാറ്റിലാണ് പി.കെ.ഗുരുദാസനും ഭാര്യ ലില്ലിയും ഇപ്പോൾ താമസിക്കുന്നത്. പ്രായപരിധി നിയന്ത്രണത്തെ തുടർന്ന് സംസ്ഥാന സെക്രട്ടേറിയറ്റിലെ സ്ഥിരം ക്ഷണിതാവ് പദവിയിൽ നിന്നൊഴിഞ്ഞ അദ്ദേഹം പുതിയ വീട്ടിലേക്ക് താമസം മാറും. ഗുരുദാസനൊപ്പം കൊല്ലം ജില്ലയിൽ പ്രവർത്തിച്ച നേതാക്കളാണ് ഈ സംരംഭത്തിൽ പങ്കാളിയാകുന്നത്. മന്ത്രി കെ.എൻ. ബാലഗോപാൽ, കൊല്ലം ജില്ലാ സെക്രട്ടറി കൊല്ലായിൽ സുദേവൻ, മുൻ സെക്രട്ടറി രാജഗോപാൽ എന്നിവരാണ് ഭവന നിർമ്മാണത്തിന് നേതൃത്വം നൽകിയത്.

തന്റെ പുസ്‌തകങ്ങൾ സൂക്ഷിക്കാൻ വിശാലമായൊരു മുറി ഉൾപ്പെടെ രണ്ട് മുറികളും അടുക്കളയുമുള്ള വീട് മതിയെന്ന് അദ്ദേഹം പറഞ്ഞെങ്കിലും ഓഫീസ് ഉൾപ്പെടെ മൂന്ന് മുറികൾ, അടുക്കള, ഡൈനിംഗ് ഹാൾ എന്നിവ ഉൾപ്പെടെ 1700 ചതുരശ്ര അടിയിലുള്ള ഒറ്റനില വീട് നിർമ്മിക്കുകയായിരുന്നു. ബന്ധുവായ സജിത് ലാലിനായിരുന്നു നിർമ്മാണച്ചുമതല. ഗൃഹപ്രവേശനച്ചടങ്ങിന് മുതിർന്ന പാർട്ടി നേതാക്കൾ ഉൾപ്പെടെ എത്തുമെന്നാണ് പ്രതീക്ഷ.