
സീനിയോറിട്ടി തർക്കത്തിൽ ജലസേചന വകുപ്പിലെ പ്രൊമോഷൻ
നഷ്ടമാവുന്നത് ഇരുന്നൂറോളം എൽ.ഡി.സി നിയമനം
തിരുവനന്തപുരം: ജലസേചന വകുപ്പിൽ സ്ഥാനക്കയറ്റം അനന്തമായി നീളുന്നത് ദൈനംദിന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനൊപ്പം എൻട്രി കേഡറിലുള്ളവരുടെ അവസരവും തട്ടിത്തെറിപ്പിക്കുന്നു. സീനിയോറിട്ടി തർക്കമാണ് വൈകലിന് കാരണം. ഇതര വകുപ്പുകളിൽ സീനിയോറിട്ടി തർക്കമുണ്ടായാൽ കോടതി വിധിക്ക് വിധേയമായി പുനഃപരിശോധിക്കാമെന്ന വ്യവസ്ഥയിൽ താത്ക്കാലിക പ്രൊമോഷൻ അനുവദിച്ചാണ് പരിഹരിക്കുന്നത്. അത്തരം നടപടിക്ക് ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. 326 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഈ നിലപാട് മൂലം പല ജീവനക്കാർക്കും പ്രൊമോഷൻ കിട്ടാതെ വിരമിക്കേണ്ടിയും വന്നു.
പ്രൊമോഷനുകൾ ഉത്തരവായാൽ എൻട്രി കേഡറിൽ നിരവധി പേർക്ക് തൊഴിൽ ലഭിക്കും. 2021ലെ എൽ.ഡി.സി റാങ്ക് ലിസ്റ്റിൽ നിന്ന് ഇരുന്നൂറോളം പേർക്ക് നിയമനം ലഭിക്കാൻ വഴിയൊരുങ്ങും.
സുപ്രധാന തീരുമാനങ്ങളെടുക്കുന്ന 5 ചീഫ് എൻജിനിയർമാർക്ക് പകരമുള്ളത് രണ്ടു പേർ. ജലസേചന വകുപ്പിന്റെ തലവൻ കൂടിയായ ഭരണവിഭാഗം ചീഫ് എൻജിനിയർ, തിരുവനന്തപുരം മുതൽ ചാലക്കുടി വരെയുള്ള ഡാമുകളുടെ ചുമതലയുള്ള പദ്ധതി (2) വിഭാഗം ചീഫ് എൻജിനിയർ, ഡിസൈൻ വിഭാഗം ചീഫ് എൻജിനിയർ എന്നിവയാണ് നികത്താതെ കിടക്കുന്ന മുഖ്യതസ്തികകൾ.
സമയബന്ധിതമായി പ്രൊമോഷൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നവംബർ 28 മുതൽ ചീഫ് എൻജിനിയറുടെ ഓഫീസിനു മുന്നിൽ സർവീസ് സംഘടനകൾ അനിശ്ചിതകാലം സമരത്തിലാണ്.
ഒഴിവുകൾ
ആകെ - 326
ചീഫ് എൻജിനിയർ - 3
സൂപ്രണ്ടിംഗ് എൻജിനിയർ - 2
എക്‌സിക്യുട്ടീവ് എൻജിനിയർ - 6
അസി.എക്‌സിക്യുട്ടീവ് എൻജിനിയർ - 24
അസി. എൻജിനിയർ - 94
ഓവർസിയർ (ഒന്നാം ഗ്രേഡ്) -56
രണ്ടാം ഗ്രേഡ് - 60
അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് (മിനിസ്റ്റീരിയൽ) - 3
സീനിയർ സൂപ്രണ്ട് - 13
ജൂനിയർ സൂപ്രണ്ട് - 45
ഹെഡ് ക്ളർക്ക് - 25