ആറ്റിങ്ങൽ: നഴ്സറി സ്കൂൾ വാനിൽ സ്വകാര്യ ബസ് ഇടിച്ചു. കുരുന്നുകൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 9ഓടെ ദേശീയപാതയിൽ ആലംകോട് പുളിമൂട് ജംഗ്ഷനിലായിരുന്നു സംഭവം. എതിർദിശയിൽ നിന്ന് അമിത വേഗതയിൽ വന്ന സ്വകാര്യ ബസ് കെ.എസ്.ആർ.ടി.സി ബസിനെ ഓവർടേക്ക് ചെയ്യവേ വലതു വശത്ത് റോഡരികിൽ കൂടി കടന്നു പോവുകയായിരുന്ന സ്കൂൾ വാനിൽ ഇടിക്കുകയായിരുന്നു. ഓട്ടോ പിക്കപ്പ് മാതൃകയിൽ ഉള്ളതാണ് സ്കൂൾ വാൻ. ബസ് സ്കൂൾ വാനിന്റെ സൈഡിൽ തട്ടി വാൻ നന്നായി ഉലയുകയും കുരുന്നുകൾ വാഹനത്തിന് ഉള്ളിൽ തന്നെ തെറിച്ചു വീഴുകയും ചെയ്തു.
വാനിന്റെ ഗ്ലാസ് ചില്ലുകളും ചിതറി കുട്ടികൾക്ക് മേൽ വീണു. ഓടിക്കൂടിയ നാട്ടുകാരും വാഹന യാത്രക്കാരും കുഞ്ഞുങ്ങളെ പുറത്തെടുത്ത് സമീപത്തെ കടയ്ക്കുള്ളിലേക്ക് മാറ്റി. കുട്ടികൾക്ക് നിസാര പരിക്കുകളേ ഏറ്റിയുള്ളൂ. പ്രാഥമിക ചികിത്സ നൽകി ഇവരെ കിംസ് ആശുപത്രിയിലേക്ക് മാറ്റി. എട്ട് കുട്ടികളാണ് അപകട സമയത്ത് സ്കൂൾ വാനിൽ ഉണ്ടായിരുന്നത്.