മുടപുരം: ചെമ്പഴന്തി എസ്.എൻ കോളേജിലേക്ക് ചിറയിൻകീഴ് നിന്ന് നിറുത്തലാക്കിയ രണ്ട് കെ.എസ്.ആർ.ടി.സി ബസുകളും പുനരാരംഭിക്കാത്തത് വിദ്യാർത്ഥികളെ വലയ്ക്കുന്നു.
ചിറയിൻകീഴ്, മുടപുരം, മുട്ടപ്പലം,അഴൂർ,പെരുങ്ങുഴി,മുരുക്കുംപുഴ,കോളിച്ചിറ, തെക്കുംഭാഗം,ആനത്തലവട്ടം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി ചെമ്പഴന്തി എസ്.എൻ കോളേജ്,ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്ക് നിരവധി വിദ്യാർത്ഥികളാണ് പോകുന്നത്.
ഇപ്പോൾ ഈ ഭാഗത്തേക്ക് രാവിലെ ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന ഒരു കോളേജ് ബസ് മാത്രമേയുള്ളൂ. അതിനാൽ ചിറയിൻകീഴും പരിസര പ്രദേശങ്ങളിലുമുള്ള വിദ്യാർത്ഥികൾ ആറ്റിങ്ങലിൽ ചെന്ന് ബസിൽ കയറണം. ഇത് വിദ്യാർത്ഥികൾക്ക് ഇരട്ടി ബുദ്ധിമുട്ടാണ്. അതിനാൽ നിറുത്തലാക്കിയ ചെമ്പഴന്തി എസ്.എൻ കോളേജിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ അടിയന്തരമായി പുനരാരംഭിക്കണമെന്നാണ് രക്ഷകർത്താക്കളുടെ ആവശ്യം.
നിറുത്തലാക്കിയത്
ചിറയിൻകീഴു നിന്ന് ചെമ്പഴന്തി എസ്.എൻ കോളേജ് വഴി പോകുന്ന മുടപുരം, മുട്ടപ്പലം, മംഗലപുരം, പോത്തൻകോട് വഴി തിരുവനന്തപുരത്തേക്കുള്ള ബസ്, ചിറയിൻകീഴു നിന്ന് അഴൂർ,പെരുങ്ങുഴി,മുരുക്കുംപുഴ, കഴക്കൂട്ടം,ശ്രീകാര്യം വഴി എസ്.എൻ കോളേജ് എന്നീ രണ്ട് ബസുകളാണ് വർഷങ്ങളായി ഇവിടെ സർവീസ് നടത്തിയിരുന്നത്. കൊവിഡ് കാരണം സർവീസ് നിറുത്തലാക്കുകയായിരുന്നു.
പ്രതിഷേധം ശക്തം
നിയന്ത്രണങ്ങൾ ഇല്ലാതാകുകയും എല്ലാ വിദ്യാലയങ്ങളിലും പഠനം പഴയ പടിയാവുകയും ഓഫീസ് പ്രവർത്തനങ്ങൾ സാധാരണ ഗതിയിലാവുകയും ചെയ്തിട്ടും നിറുത്തലാക്കിയ ബസ് സർവീസുകൾ ഇനിയും തുടങ്ങിയിട്ടില്ല. സർവീസ് ആരംഭിക്കണമെന്ന ആവശ്യം ഉന്നയിച്ച് മാസങ്ങൾക്കു മുമ്പ് അധികൃതർക്ക് നിവേദനം നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിൽ രക്ഷകർത്താക്കൾക്ക് പ്രതിഷേധമുണ്ട്.
കുട്ടികളുടെ ബുദ്ധിമുട്ടുകൾ
വൈകിട്ട് കോളേജ് ക്ലാസ് കഴിഞ്ഞ് ചെമ്പഴന്തിയിൽ നിന്ന് ഒരു ബസിൽ ശ്രീകാര്യത്ത് ഇറങ്ങണം. അവിടെനിന്ന് മറ്റൊരു ബസിൽ കയറി ആറ്റിങ്ങലിലോ ചിറയിൻകീഴോ ഇറങ്ങണം. ലോക്കൽ ബസിൽ തിരക്കാണെന്ന കാരണം പറഞ്ഞ് കുട്ടികളെ ബസിൽ കയറ്റാറില്ല. ഫാസ്റ്റ് പാസഞ്ചർ ബസ് ശ്രീകാര്യത്ത് നിറുത്തുകയുമില്ല. ഇതുമൂലം വളരെ വൈകിയേ കുട്ടികൾക്ക് വീട്ടിലെത്താൻ കഴിയുന്നുള്ളൂ.