vellakkettu

ആറ്റിങ്ങൽ: ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറ മാടൻനട ക്ഷേത്രത്തിൽ വെള്ളം കയറി. ദേശീയ പാതയിലൂടെ ഒലിച്ചു വരുന്ന മഴ വെള്ളമാണ് ക്ഷേത്രമതിലും, ദേശീയപാതയും കൈയേറി കെട്ടിക്കിടക്കുന്നത്. ദേശീയ പാതയിൽ പൂവമ്പാറ പാലത്തിന് സമീപത്തെ മാടൻ നടയ്ക്ക് മുന്നിലാണ് വെള്ളക്കെട്ട്. അശാസ്ത്രീയമായി നിർമ്മിച്ച റോഡും, നടപ്പാതയുമാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. ഒരു ചെറിയ മഴ പെയ്താൽ പോലും ദേശീയപാതയുടെ പകുതിയിലധികം വെള്ളംകെട്ടി നിൽക്കും. അത് കഴിഞ്ഞാൽ ഈ വെള്ളം ക്ഷേത്രത്തിന്റെ ഗേറ്റിലൂടെ ക്ഷേത്രത്തിനകത്ത് പ്രവേശിക്കും. ദേശീയപാതയിൽ വാഹനങ്ങൾ കടന്ന് പോകുമ്പോൾ ഇരുവശങ്ങളിലും വെള്ളം ചീറ്റിക്കൊണ്ടാണ് പോകുന്നത്. ഇത് കാൽനടയാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ദേശീയ പാതയിലെ റോഡ് നവീകരണത്തിൽ ദേശീയപാത അതോറിട്ടിക്കുണ്ടായ വീഴ്ചയാണ് വെള്ളക്കെട്ടിന് കാരണമായത്. റോഡിലെ വളവും, അശാസ്ത്രീയമായ ചരിവും, ഓടയില്ലായ്മയും ഇവിടെ സ്ഥിരം വെള്ളക്കെട്ടിന് കാരണമായി. നിലവിൽ നടപ്പാതയ്ക്ക് രണ്ട് തവണ ഇന്റർലോക്ക് പാകിയതും വെള്ളക്കെട്ടിന് കാരണമായി. അടിയന്തമായി. ഓട നിർമ്മിക്കുകയോ, പൈപ്പ് വഴി മലിന ജലം ഒഴുക്കികളയുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.