1

പോത്തൻകോട്: പത്തനംതിട്ട കോന്നിയിൽ നിന്ന് തിരുവല്ലത്ത് ബലിയിടാനായി വരികയായിരുന്ന അമ്മയും മകനും സഞ്ചരിച്ച കാറിടിച്ച് പോത്തൻകോട് സ്വദേശിക്ക് ദാരുണാന്ത്യം. പോത്തൻകോട് ചുമടുതാങ്ങിവിള പൊയ്‌കയിൽ മിസ്‌പാ ഭവനിൽ സൈമണാണ് (71) ഇന്നലെ രാവിലെ 7.15ന് പ്രഭാത സവാരിക്കിടെ കഴക്കൂട്ടം -വെഞ്ഞാറമൂട് എം.സി ബൈപാസ് റോഡിൽ പോത്തൻകോട് ഒരുവാമൂല കലുങ്കിന് സമീപത്ത് നടന്ന അപകടത്തിൽ മരണപ്പെട്ടത്.

റോഡിന്റെ വശം ചേർന്ന് നടന്നുവരികയായിരുന്ന സൈമണെ കഴക്കൂട്ടം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സമീപത്തെ മരത്തിലും റോഡിലെ ബാരിക്കേടിലും ഇടിച്ച് റോഡിലേക്ക് തെറിച്ച് വീണ സൈമൺ തത്ക്ഷണം മരിച്ചു. അപകടത്തെ തുടർന്ന് നിറുത്താതെ 150 മീറ്ററോളം മുന്നോട്ടുപോയ കാർ തിരികെ അപകടസ്ഥലത്ത് എത്തുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി കാർ സ്റ്റേഷനിലേക്ക് മാറ്റി.

കൂലിപ്പണിക്കാരനാണ് സൈമൺ. ഭാര്യ: ആർ.ബേബി. മക്കൾ:സിമി സൈമൺ (ടീച്ചർ,ബി.ആർ.സി.കറുകച്ചാൽ,കോട്ടയം), സിനി സൈമണ,സിബി സൈമണ.മരുമക്കൾ: സന്തോഷ്,അഗസ്റ്റിൻ. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം വ്യാഴാഴ്‌ച.