mbbs

തിരുവനന്തപുരം: ഓർമ്മകളും കളിചിരികളും മാറുന്ന ആരോഗ്യരംഗവുമൊക്കെ ചർച്ച ചെയ്ത് മെഡിക്കൽ കോളേജിലെ 1971 എം.ബി.ബി.എസ് ബാച്ചിന്റെ സുവർണ ജൂബിലി സമ്മേളനം ഒത്തുകൂടലിന്റെ വേദിയായി. ആകെ 182 പേരുണ്ടായിരുന്ന ബാച്ചിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന 168 പേരിൽ 104 പേരും സമ്മേളനത്തിൽ പങ്കെടുത്തു. എഴുപത് പിന്നിട്ടതിന്റെ അവശതകളൊന്നും വകവയ്‌ക്കാതെയാണ് സുഹൃത്തുക്കളെ കാണാനെത്തിയത്. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ളവർ കൂടാതെ അമേരിക്ക,യു.കെ,ഗൾഫ് എന്നീ രാജ്യങ്ങളിൽ നിന്നും ഡോക്‌ടർമാർ സമ്മേളനത്തിൽ പങ്കെടുക്കാനെത്തി. കൊവിഡ് കാരണം കഴിഞ്ഞവർഷം മാറ്റിവച്ച സമ്മേളനമാണ് കാത്തിരിപ്പിനൊടുവിൽ നടന്നത്. മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിന് ശേഷം രണ്ട് ദിവസം പൂവാർ സരോവർ റിസോർട്ടിലും ആഘോഷം നടന്നു. ആട്ടവും പാട്ടും ഗൗരവമേറിയ ചർച്ചകളും സമ്മേളനത്തിന്റെ ഭാഗമായി. പലരും നിറകണ്ണുകളോടെയാണ് പഴയകാലം ഓർത്തെടുത്തത്. ഓർമ്മകൾ പറയുന്നതിനിടെ ഡോക്‌ടർ തിരക്കുകൾ മാറ്റിവച്ച് പഴയ വിദ്യാർത്ഥികളായി. ഓൺലൈനായി പഠിപ്പിച്ച അദ്ധ്യാപകരെത്തിയതും ചടങ്ങിന് ഇരട്ടിമധുരമായി. ലോകത്തിന്റെ ഏത് കോണിലായാലും ഇനിയും ഒത്തൊരുമിക്കണമെന്നു പറഞ്ഞാണ് സമ്മേളനത്തിന് ശേഷം ഡോക്‌ടർമാർ മടങ്ങിയത്. ഡോ.മോഹൻലാലും ഡോ.രാജുകുമാറുമാണ് സമ്മേളനം ഏകോപിപ്പിച്ചത്.