orange-bus

ക്രിസ്‌മസ്‌ വരെയുള്ള ട്രെയിൻ ടിക്കറ്റും കിട്ടാനില്ല

തിരുവനന്തപുരം: ക്രിസ്‌മസ്, പുതുവർഷ അവധിക്ക് നാട്ടിലെത്തുന്ന മലയാളികളെ സ്വകാര്യ ബസുകൾ പിഴിയുന്നുവെന്ന് പരാതി. ക്രിസ്‌മസ് അടുക്കും തോറും ദിനം പ്രതി 500 മുതൽ 800 രൂപ വരെയാണ് ടിക്കറ്റ് നിരക്ക് വർദ്ധിക്കുന്നത്. ബെംഗളൂരു, ചെന്നൈ റൂട്ടുകളിലെ ടിക്കറ്റ് നിരക്കിനാണ് റോക്കറ്റ് വേഗം. ചെന്നൈയിൽ നിന്നുള്ള നിരക്കിലും സമാന വർദ്ധനയുണ്ട്.

സീറ്റ് ഓൺ ലൈനിൽ ബുക്ക് ചെയ്യാം. സീറ്റുകൾ പരിമിതമായതിനാൽ തിരക്കേറിയ ദിവസങ്ങളിലാണ് കൊള്ളയടി. ശബരിമല സീസണും നിരക്ക് കൂട്ടാൻ കാരണമായി. നിലവിൽ 1,​800 രൂപ വരെയുള്ള ബംഗളുരു- തിരുവനന്തപുരം സ്ലീപ്പർ ടിക്കറ്റിന് 21 കഴിമ്പോഴേക്കും 5,​000 രൂപ കടക്കുമെന്നാണ് ട്രാവൽ ഏജൻസികൾ പറയുന്നത്. 23,24 തീയതികളിൽ 6,​000 - 7,​000 കടന്നേക്കും. കെ.എസ്.ആർ.ടി.സിക്ക് 1300 മുതൽ 1650 രൂപ വരെയാണ് ബംഗളുരുവിൽ നിന്നുള്ള നിരക്കുക്കൾ.കെ.എസ്.ആർ.ടി.സി ബസ് ക്ഷാമം മുതലെടുത്ത് സ്വകാര്യ ലോബി യാത്രക്കാരെ പിഴിയുന്നു എന്നാണ് ആക്ഷേപം. ഈ റൂട്ടുകളിൽ ട്രെയിൻ ടിക്കറ്റുകൾ നേരത്തേ തീരുന്നതും സ്വകാര്യ ബസ് ലോബികൾ മുതലെടുക്കുന്നു. പേരുകേട്ട കമ്പനികളാണ് നിരക്ക് വർദ്ധനയിൽ മുന്നിലുള്ളത്. ഇന്നലെ വരെ 1,300 രൂപയ്ക്കുള്ളിൽ കിട്ടിയിരുന്ന ബസ് ടിക്കറ്റിന് പൊടുന്നനെ 1650 ആയി. ബംഗളൂരു-തിരുവനന്തപുരം റൂട്ടിൽ എ.സി സ്ലീപ്പർ 1,500 രൂപയ്ക്കുള്ളിലും സെമി സ്ലീപ്പർ 1,300 രൂപയ്ക്കും ലഭിക്കാറുണ്ട്. ഇതെല്ലാം യഥാക്രമം 2000, 1800ലേക്ക് ഉയർന്നു. ഉത്സവ സീസണിലെങ്കിലും കൂടുതൽ ട്രെയിനുകളും കെ.എസ്.ആർ.സി ബസുകളും വേണമെന്നാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നവരുടെയും ആവശ്യം.


ബംഗളുരു-തിരുവനന്തപുരം ഉയരുന്ന നിരക്ക്

തീയതി- ടിക്കറ്റ് നിരക്ക്

14 - 1800

15 - 2625

16 - 2800

17 - 3150

18 - 3500

19 - 4400

20 - 4800

21 - 5000