തിരുവനന്തപുരം: ഭൂമിയുടെ ആധാരം വേഗത്തിൽ രജിസ്റ്റർ ചെയ്യാൻ ഭൂഉടമയിൽ നിന്ന് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നേമം സബ് രജിസ്ട്രാർ ഓഫീസിലെ ഓഫീസ് അറ്റൻഡർ ശ്രീജയെ വിജിലൻസ് പിടികൂടി. സബ് രജിസ്ട്രാർക്ക് വേണ്ടിയാണ് ശ്രീജ കൈക്കൂലി വാങ്ങിയത്. പിതാവിന്റെ പേരിലുള്ള ഭൂമി സ്വന്തം പേരിലാക്കാൻ കല്ലിയൂർ സ്വദേശിയാണ് സബ് രജിസ്ട്രാറെ സമീപിച്ചത്.
വെള്ളിയാഴ്ച ഓഫീസിലെത്തിയപ്പോൾ ശ്രീജ പരാതിക്കാരനുമായി സബ് രജിസ്ട്രാറിനടുത്തെത്തി. 3000 രൂപ ശ്രീജയെ ഏല്പിക്കാൻ സബ് രജിസ്ട്രാർ ആവശ്യപ്പെട്ട കാര്യം പരാതിക്കാരൻ വിജിലൻസ് സൂപ്രണ്ട് ജയശങ്കറിനെ അറിയിക്കുകയായിരുന്നു. ഇന്നലെ 11.45ന് ഓഫീസിൽ വച്ച് പണം വാങ്ങി ഫയലുകൾക്കിടയിൽ ഒളിപ്പിക്കുമ്പോഴാണ് ശ്രീജയെ വിജിലൻസ് ഡിവൈ.എസ്.പി സി.എസ്. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
വിജിലൻസ് ഉദ്യോഗസ്ഥരായ ജയകുമാർ.ടി, അശ്വിനി, നിസാം, ദിനേഷ് കുമാർ, സുനിൽ, ഖാദർ, വിജയകുമാർ, ശശികുമാർ, സജികുമാർ, രാജേഷ്, ഉണ്ണി, കണ്ണൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സംഭവത്തിൽ സബ് രജിസ്ട്രാർക്കെതിരെയും വിജിലൻസ് അന്വേഷണം നടത്തും. ശ്രീജയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും. അഴിമതി വിവരങ്ങൾ 8592900900,1064,9447789100 നമ്പറുകളിൽ അറിയിക്കണമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം അഭ്യർത്ഥിച്ചു.