തിരുവനന്തപുരം; നാരായണ മന്ത്രങ്ങളിൽ മുഖരിതമായി അനന്തപുരി, ഇനി പത്ത് ദിനം ശ്രീഗുരുവായൂരപ്പ ഉപാസനകേന്ദ്രമായി തലസ്ഥാനം മാറും. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കിഴക്കേനടയിലെ ശ്രീവൈകുണ്ഠത്ത് 38ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന് തുടക്കമായി.
പുലർച്ചെ നാലോടെ ശ്രീ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് ഗുരുവായൂർ ക്ഷേത്ര തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ദ്വാദശനാമപൂജയും നടന്നതോടെയാണ് ശ്രീമദ് ഭാഗവത പാരായണത്തിന് തുടക്കമായത്. വൈകിട്ട് നാലോടെ സത്രമണ്ഡപത്തിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു മുന്നിൽ നിന്നാരംഭിച്ചു. തുടർന്ന് വൈകുണ്ഠത്ത് എത്തിച്ചേർന്ന വിഗ്രഹം ഗുരുവായൂർ ക്ഷേത്ര തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ പ്രതിഷ്ഠിച്ചശേഷം കൊടി ഉയർത്തി ഭദ്രദീപം തെളിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം ഉദ്ഘാടനം ചെയ്തു. നമ്മുടെ പാഠ്യപദ്ധതികളിൽ ഭാഗവതം ഉൾപ്പെടെയുള്ളവ പഠിപ്പിക്കുന്ന സമ്പ്രദായം ഉണ്ടായാൽ നല്ലതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ശ്രീധരൻപിള്ള പറഞ്ഞു.
സത്ര നിർവഹണ സമിതി ചെയർമാൻ ആർ. രാമചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അശ്വതി തിരുനാൾ ഗൗരിലക്ഷ്മിബായി ഭഗവതഗ്രന്ഥം സമർപ്പിച്ച് ഭാഗവത സന്ദേശം കൈമാറി. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുഗ്രഹ പ്രഭാഷണം നടത്തി. രമേശ് ചെന്നിത്തല എം.എൽ.എ, സ്വാമി അദ്ധ്യാത്മാനന്ദസരസ്വതി, മഹാസത്ര സമിതി പ്രസിഡന്റ് കെ. ശിവശങ്കരൻ, ഡോ. ഉഷ രാജവാര്യർ തുടങ്ങിയവർ സംസാരിച്ചു. വർക്കിംഗ് ചെയർമാൻ ജി. രാജ്മോഹൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എസ്. നാരായണ സ്വാമി നന്ദിയും പറഞ്ഞു.