1

പോത്തൻകോട്: പ്രഭാത സവാരിക്കിടെ നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി മരിച്ച പോത്തൻകോട് ചുമട്താങ്ങിവിള പൊയ്കയിൽ സൈമന്റെ (71) ആകസ്മിക മരണം സൃഷ്ടിച്ച ഞെട്ടലിലാണ് പ്രദേശവാസികൾ. എല്ലാ ദിവസവും രാവിലെ 6ന് സുഹൃത്തും പാസ്റ്ററുമായ സത്യനേശനൊപ്പം സൈമൻ പ്രഭാതസവാരി കഴിഞ്ഞ് പോത്തൻകോട് ചായമക്കാനിയിൽ കയറുമായിരുന്നു. അവിടെയിരുന്ന് പത്രവായനയും ചായകുടിയും മറ്റുള്ളവരുമായുള്ള സംസാരവും ഒക്കെ കഴിഞ്ഞായിരുന്നു വീട്ടിലേക്ക് മടങ്ങിയിരുന്നത്. സത്യനേശന് സുഖമില്ലാത്തതിനാൽ ഇന്നലെ ഒറ്റയ്ക്കായിരുന്നു സൈമൻ നടക്കാനിറങ്ങിയത്. അത് വൻ ദുരന്തത്തിലാണ് അവസാനിച്ചത്.

അഞ്ചംഗ നിർദ്ധന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു സൈമൻ. ആകെയുള്ള 4 സെന്റ് സ്ഥലത്ത് വർഷങ്ങൾക്ക് മുൻപ് പഞ്ചായത്ത് അനുവദിച്ച വീടിന്റെ പണികൾ ഇനിയും പൂർത്തിയായിട്ടില്ല. പെയിന്റിംഗിനും ഇടയ്ക്ക് കൂലിപ്പണിക്കും പോയാണ് സൈമൻ കുടുംബം നോക്കിയിരുന്നത്. സ്ഥലത്തെ സജീവപ്രവർത്തകനും നാട്ടുകാർക്ക് പ്രിയങ്കരനുമായിരുന്നു. എ.ജി ചർച്ചിന്റെ ഭാരവാഹിയായിരുന്നതിനാൽ ക്രിസ്മസ് - ന്യൂഇയർ ആഘോഷങ്ങളുടെ സംഘാടക കമ്മിറ്റികളിലെ പ്രധാനിയായിരുന്നു സൈമൻ. ഗോകുലം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള സൈമന്റെ മൃതദേഹം ജന്മസ്ഥലമായ നാലാഞ്ചിറ എ.ജി പള്ളി സെമിത്തേരിയിൽ വ്യാഴാഴ്ച അടക്കം ചെയ്യും.

അപകടം മറ്റൊരു വാഹനത്തിന്

സൈഡ് കൊടുക്കുന്നതിനിടെ

തിരുവനന്തപുരം: പത്തനംതിട്ട കോന്നിയിൽ നിന്ന് തിരുവല്ല പരശുരാമ സ്വാമി ക്ഷേത്രത്തിലേക്ക് ബലിയിടാനായി എത്തിയ അമ്മയും മകനും സഞ്ചരിച്ച കാറാണ് അപകടമുണ്ടാക്കിയത്. കൂനയിൽ ക്ഷേത്രത്തിന് സമീപം ഒരുവാമൂലയിൽ ഇന്നലെ രാവിലെ 7.15നായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാറിന്റെ പിറകിൽ നിറുത്താതെ ഹോൺ മുഴക്കിയെത്തിയ മറ്റൊരു കാറിന് പോകാൻ സൈഡ് നൽകുന്നതിനിടയിൽ കാർ നിയന്ത്രണം തെറ്റി റോഡ് വക്കിലൂടെ എതിരെ നടന്നുവരികയായിരുന്ന സൈമനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ശക്തിയിൽ സൈമൻ സമീപത്തെ മരത്തിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ് തത്ക്ഷണം മരിച്ചു. എന്താണ് സംഭവിച്ചതെന്ന് അറിയാതെ കുറച്ചുദൂരം മുന്നോട്ടുപോയ കാർ തിരികെ അപകട സ്ഥലത്തെത്തി. ഹോൺ മുഴക്കി വന്ന വാഹനത്തിന് വലതുവശത്തെ മിറർ നോക്കി സൈഡ് കൊടുക്കുന്നതിനിടയിൽ കാറിന്റെ ഇടതു വശത്തുകൂടി വന്ന സൈമനെ ഡ്രൈവർ കാണാത്തതാണ് അപകടത്തിന് കാരണമായി കരുതുന്നത്. വാഹനം അമിത വേഗതയിലുമായിരുന്നു.