തിരുവനന്തപുരം:ഒരു വിമർശകന് സ്വന്തം നിലപാട് അവതരിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ട്.എന്നാൽ,ജൂറി അംഗങ്ങൾക്ക് മാനദണ്ഡ പ്രകാരമുള്ള തിരഞ്ഞെടുപ്പ് മാത്രമേ കഴിയൂവെന്ന് എഡിറ്ററും മുൻ ഫെസ്റ്റിവൽ ഡയറക്ടറുമായ ബീനാപോൾ പറഞ്ഞു. അവാർഡ് ജൂറിയാവുകയെന്നത് വളരെ പ്രയാസമേറിയ പ്രക്രിയയാണെന്നും രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന ഓപ്പൺ ഫോറത്തിൽ സംസാരിക്കവേ ബീനാപോൾ പറഞ്ഞു. ചലച്ചിത്ര നിരൂപകൻ പ്രേമേന്ദ്ര മജുംദാർ, ജി.പി രാമചന്ദ്രൻ, വി.കെ. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. ചലച്ചിത്ര നിരൂപകൻ എം.കെ. രാഘവേന്ദ്ര രചിച്ച തിങ്കിംഗ് സിനിമ എന്ന ഗ്രന്ഥം ബീനപോൾ, പ്രൊഫ. ഐ. ഷണ്മുഖദാസിന് നൽകി പ്രകാശനം ചെയ്തു.

 പാമ്പള്ളിയുടെ ബോളിവുഡ് സിനിമ

സംവിധായകൻ പാമ്പള്ളിയുടെ പുതിയ ചിത്രം സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെ പോസ്റ്റർ ബംഗാളി അഭിനേത്രി ഗാർഗി റോയ് ചൗധരി പ്രകാശനം ചെയ്തു. സിഞ്ച എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ പാമ്പള്ളിയുടെ ആദ്യ ബോളിവുഡ് സംരംഭമാണ് സ്റ്റാച്യു ഒഫ് ലിബർട്ടി. ഐ.എഫ്.എഫ്.കെയിൽവച്ച് പരിചയപ്പെട്ട ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ ഉദ്യോഗസ്ഥയായ സുരഭിയെ വിവാഹം കഴിച്ച് നേരെ എത്തിയത് ഫെസ്റ്റിവൽ ഓഫീസിലേക്കായിരുന്നു.തന്റെ പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റും ചലച്ചിത്രമേളയിൽ തന്നെയാകണമെന്ന പാമ്പള്ളിയുടെ ആഗ്രഹമാണ് ഇവിടെ സഫലമായത്.

 സത്യജിത്ത് റേ മെമ്മോറിയൽ പുരസ്കാര വിതരണം

ഓപ്പൺ ഫോറത്തിനു മുൻപായി സത്യജിത്ത് റേ മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ചലച്ചിത്ര നിരൂപകൻ ഐ.ഷണ്മുഖദാസിന് ബംഗാളി നടി ഗാർഗി റോയ് ചൗധരി സമ്മാനിച്ചു. ഇത്തരമൊരു പുരസ്കാരം നൽകുന്നതിന് തന്നെ തിരഞ്ഞെടുത്തതിന് നന്ദിയുണ്ടെന്നും മേളയിലെ സിനിമാപ്രേമികളുടെ ആവേശം നൽകുന്ന ഉൗർജം വളരെ വലുതാണെന്നും ഗാർഗി അഭിപ്രായപ്പെട്ടു.