പോത്തൻകോട്: വാടക ചോദിക്കാൻ പോയ കെട്ടിട ഉടമയെ ക്രൂരമായി മർദ്ദിച്ച അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ജാർഖണ്ഡ് സ്വദേശികളും സഹോദരങ്ങളുമായ സ്വപൻ കുമാർ മഹൽദാർ ( 33), നന്ദുകുമാർ മഹൽദാർ (29) എന്നിവരാണ് അറസ്റ്റിലായത്. കെട്ടിട ഉടമ കൊയ്ത്തൂർക്കോണം നവാസിനെയാണ് ഞായറാഴ്ച ഉച്ചയ്ക്ക് പോത്തൻകോട് ജഗ്ഷന് സമീപമുള്ള കെട്ടിടത്തിൽവച്ച് ക്രൂരമായി മർദ്ദിച്ചത്. വാടക ചോദിച്ചെത്തിയ നവാസിനോട് കെട്ടിടത്തിൽ നിലവിലുള്ള അസൗകര്യങ്ങൾ പരിഹരിക്കാൻ തൊഴിലാളികൾ ആവശ്യപ്പെട്ടു. പരിഹരിച്ചാൽ ഉടൻ വാടക നൽകാമെന്ന് തൊഴിലാളികൾ ഉടമയോട് പറഞ്ഞു. ഉടമ അതിന് വഴങ്ങാത്തതിനെ തുടർന്ന് തൊഴിലാളികളും ഉടമയും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും പ്രതികൾ ഇടിവള കൊണ്ട് നവാസിനെ ആക്രമിക്കുകയുമായിരുന്നു. നവാസിന്റെ മൂക്കിനും കണ്ണിലും ഗുരുതരമായി പരിക്കേറ്റു.