
'ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോൺഗ്രസ് ഇപ്പോൾ മലയാള സിനിമയിലെ ഇന്ദ്രൻസിനെ പോലെയായി...' ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പുരോഗമന കേരളത്തിന്റെ സാംസ്‌കാരികമന്ത്രി സംസ്ഥാന നിയമസഭയിൽ പറഞ്ഞ വാക്കുകളാണിത്. ഉടനടി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ബോഡി ഷെയ്‌മിംഗ് വാദം ഉന്നയിച്ചതോടെ സാമൂഹ്യമാദ്ധ്യമങ്ങളിൽ സൈബർ വീരന്മാരും വിഷയം ഏറ്റുപിടിച്ചു. ഇന്ദ്രൻസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചവർ മന്ത്രിയെ വിശേഷിപ്പിച്ചത് 'കരടി വാസവൻ' എന്നാണ്..!
'ഞാൻ സത്യസന്ധമായി പറയും, എന്റെ മകൾ ഇരുണ്ടതാണ്. അവളാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി. അങ്ങനെ അല്ലെന്ന് ആർക്കും എന്നോട് പറയാനാവില്ല.' ബോഡി ഷെയ്‌മിംഗിന് ഇരയായ മകളെ ചേർത്തുപിടിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ വൈകാരികമായി പറഞ്ഞ വാക്കുകളാണിത്. തടിച്ച ശരീരത്തിന്റെ പേരിൽ ബോഡി ഷെയ്‌മിംഗിന് ഇന്ത്യയിൽ ഏറ്റവുമധികം ഇരയായ നടിമാരിലൊരാൾ വിദ്യാബാലനാണ്. പ്രസവശേഷം തടികൂടിയതിന്റെ പേരിൽ കളിയാക്കലുകൾക്ക് ഇരയായവരിൽ ഐശ്വര്യറായ്, കരീന കപൂർ, ശില്പ ഷെട്ടി, സമീറ റെഡ്ഢി, ശരണ്യ മോഹൻ, സംവൃത സുനിൽ എന്നിങ്ങനെ പല നടികളുമുണ്ട്. പരിണീതി ചോപ്രയും സോനാക്ഷി സിൻഹയും മീര ജാസ്‌മിനുമെല്ലാം സീറോ സൈസ് അല്ലാത്തതിന്റെ പേരിൽ ആക്രമണങ്ങൾ നേരിട്ടവരാണ്. വിവാഹശേഷം തടികൂടിയതിന്റെ പേരിൽ നസ്രിയയും പരിഹാസത്തിന് ഇരയാകേണ്ടി വന്നു. ബിക്കിനി വേഷത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ മാറിടത്തെ പരിഹസിച്ചവർക്ക് ഷമ സികന്ദർ നൽകിയ മറുപടി കൂടി പ്രതിപാദിക്കേണ്ടതുണ്ട്. 'സ്ത്രീകൾക്ക് മാറിടം ഉണ്ടാകും. അതാണ് അവളെ പുരുഷനിൽ നിന്ന് വ്യത്യസ്‌തയാക്കുന്നത്. ഞാൻ സ്ത്രീയായതിൽ നന്ദിയുള്ളവളാണ്, തീർച്ചയായും അനുഗ്രഹിക്കപ്പെട്ടവളും. അതെ,എനിക്ക് മാറിടമുണ്ട്. അത് വളരെ മനോഹരമായ ഒന്നാണ്. നിങ്ങൾക്ക് തോന്നുന്ന പേരുകളിൽ നിങ്ങളതിനെ വിളിച്ചോളൂ...' സെലിബ്രിറ്റികളെ ഉദാഹരണമായി ചൂണ്ടിക്കാണിച്ചെങ്കിലും ഇതിന്റെ പതിന്മടങ്ങ് ബോഡി ഷെയ്‌മിംഗ് നേരിടുന്നവരാണ് നമുക്ക് ചുറ്റുമുള്ള പലരും.
ബോഡിഷെയ്‌മിംഗ് ഒരു മനുഷ്യനിലുണ്ടാക്കുന്ന മാനസികസംഘർഷം ചെറുതല്ല. ഉത്കണ്‌ഠ,സങ്കടം,കോപം,പേടി, ചമ്മൽ,ലജ്ജ എന്നിവയെല്ലാം ബോഡി ഷെയ്‌മിംഗ് കാരണമുണ്ടായേക്കാം. സ്വയംമതിപ്പും ആത്മവിശ്വാസവും ദുർബലമാക്കാം. വ്യായാമത്തിൽ വേണ്ടതിലേറെ ഏർപ്പെടാനോ തടി കൂടാനുള്ള അപകടകാരികളായ മരുന്നുകളെടുക്കാനോ പ്രേരകമാകാം. സ്വശരീരത്തോടുള്ള അമർഷം അതിനെ നേരാംവണ്ണം പരിപാലിക്കുന്നതിന് വിഘാതമാവുകയും അങ്ങനെ പല അസുഖങ്ങൾക്കും കളമൊരുങ്ങുകയും ചെയ്യാം. ആളുകളെ വിലയിരുത്തേണ്ടത് അവരുടെ ശരീരം വച്ചു മാത്രമാണെന്ന ധാരണ ബോഡിഷെയ്‌മിംഗ് നേരിടുന്നവരിൽ ജനിക്കാം. അവർ മറ്റുളളവരെ ബോഡിഷെയ്‌മിംഗ് നടത്താനുള്ള സാദ്ധ്യതയും കൂടുന്നുണ്ട്. സാമൂഹിക ചടങ്ങുകളിൽ പങ്കെടുക്കാൻ പേടിയും വിമുഖതയുമുണ്ടാകുന്ന സോഷ്യൽ ഫോബിയ, അകാരണമായ നിരാശ, സദാ അനുഭവപ്പെടുന്ന വിഷാദം എന്നിവയൊക്കെ ഇതിന്റെ ഭാഗമാണ്. വണ്ണക്കൂടുതലുള്ളവരെ പലരും ബോഡിഷെയ്‌മിംഗ് നടത്തുന്നത് തടി കുറയ്‌ക്കാൻ അതവർക്കൊരു പ്രചോദനമാകും എന്ന സദുദ്ദേശത്തിലാണ്. എന്നാൽ ബോഡിഷെയ്‌മിംഗ് സൃഷ്‌ടിക്കുന്ന മാനസിക വൈഷമ്യങ്ങൾ മൂലം അവരുടെ വണ്ണം പിന്നെയും കൂടുകയാണു പതിവ്. മെലിഞ്ഞിരിക്കുന്നവർക്ക് വിപരീത അവസ്ഥയാണെന്ന വ്യത്യാസം മാത്രമേയുള്ളൂ.
കറുപ്പിനോടുള്ള ഇഷ്‌ടക്കേടും വെളുപ്പിനോടുള്ള പ്രതിപത്തിയും നഴ്‌സറി ക്ലാസ് മുതൽ കുട്ടികൾക്കിടയിൽ കുത്തിവയ്‌ക്കപ്പെടുന്നുണ്ട്. സ്‌കൂളിലെത്തുന്ന വിശിഷ്‌ടാതിഥിയെ സ്വീകരിക്കാൻ ക്ളാസിലെ വെളുത്ത കുട്ടികളെ തിരഞ്ഞെടുക്കുന്നത് ഇന്നും പതിവ് കാഴ്‌ചയാണ്. എത്ര നടനവൈഭവം ഉണ്ടെങ്കിലും മേക്കപ്പ് ഇല്ലാതെ അല്ലെങ്കിൽ വെളുപ്പിക്കാതെ നമ്മുടെ കുഞ്ഞുങ്ങൾ സ്റ്റേജിലെത്തുമോ? എത്തിയാൽ വിധികർത്താക്കൾ അത് സ്വീകരിക്കുമോ? വെളുപ്പിക്കാതിരിക്കണമെങ്കിൽ ഒന്നുകിൽ ആ കുട്ടി വേലക്കാരിയോ നാടോടി സ്ത്രീയോ രാക്ഷസിയോ ഒക്കെ ആകണം. നാം കണ്ട യുവജനോത്സവ വേദികളോരോന്നും ഇതുപോലെ വെളുപ്പെന്ന മരീചികയിലേക്കു നമ്മെ കൂട്ടികൊണ്ടു പോയിട്ടില്ലേ? ഒരു കട ഉദ്ഘാടനത്തിന് താലം പിടിക്കാനും, സമ്മേളനങ്ങളിൽ പ്രാർത്ഥന ആലപിക്കാനും രാഷ്ട്രീയ പാർട്ടികളുടെ ജാഥകൾക്ക് ബാനർ പിടിക്കാനും വരെ നമുക്ക് വെളുത്ത തരുണീമണികളെ വേണം. സ്വർണക്കടകളിൽ, വസ്ത്ര വ്യാപാര ശാലകളിൽ, വിമാനത്തിൽ, വിവാഹത്തിന് അതിഥികളെ സ്വീകരിക്കാൻ എല്ലാം നമ്മൾ ഇവരെ നിരത്തി നിറുത്തും.
സമൂഹം ശ്രദ്ധിക്കേണ്ടത്
കൊച്ചുവർത്തമാനങ്ങളിൽ അറിയാതെ പോലും നിറം,തടി,മുടികൊഴിച്ചിൽ എന്നിവയെപ്പറ്റിയുള്ള പരിഹാസം ഒഴിവാക്കുക
ആരെങ്കിലും ബോഡിഷെയ്‌മിംഗ് നേരിടുന്നതായും അതിൽ വിഷമിക്കുന്നതായും കണ്ടാൽ അവരെ പിന്തുണയ്‌ക്കുക
നിറം,ഉയരം,വണ്ണം,സൗന്ദര്യം തുടങ്ങിയവയ്‌ക്ക് അതീതമായി സ്നേഹവും ബഹുമാനവും ലഭിക്കാൻ ഏതൊരു വ്യക്തിക്കും അവകാശമുണ്ട് എന്നോർക്കുക.
സൗന്ദര്യത്തെക്കുറിച്ച് കാലങ്ങളായി പിന്തുടർന്ന് വരുന്ന വെളുത്ത നിറവും വട്ടമുഖവും നീണ്ടമുടിയും മെലിഞ്ഞ ശരീരവും എന്ന ക്ലീഷേ സങ്കൽപ്പങ്ങൾ എങ്ങനെ മാറും? മുതിർന്നവർ മാറിചിന്തിച്ചാൽ അല്ലേ കുഞ്ഞുങ്ങളിലേക്കും അതൊക്കെ പകർന്നുകിട്ടൂ. ഹെയർ ഫിക്‌സിംഗ് ചെയ്യുന്നതും മുടികറുപ്പിയ്‌ക്കുന്നതുമൊന്നും തെറ്റ് എന്നല്ല പറയുന്നത്, അതൊക്കെ പ്രമോട്ട് ചെയ്യുന്നത് കറുപ്പും വണ്ണവും കഷണ്ടിയും മോശമാണ് എന്ന ചിന്ത അടിച്ചേൽപ്പിച്ച് കൊണ്ടാകരുത് എന്നുമാത്രം. വർണവെറിയും ബോഡി ഷെയിമിംഗും ലിംഗവിവേചനവും ജാതിമത വിദ്വേഷങ്ങളും പഠിപ്പിക്കാതെ മികച്ച സ്വഭാവവും പെരുമാറ്റവുമാണ് നല്ല വ്യക്തിത്വത്തിന്റെ ലക്ഷണമെന്ന ചിന്ത അടുത്ത തലമുറയിലേക്കെങ്കിലും പകരാം.