nanpakal-nerathu-mayakkam

സിനിമാ കൊട്ടകയിൽനിന്ന് കേൾക്കുന്ന പഴയ സിനിമയിലെ ഡയലോഗ് പുറത്തു നിൽക്കുന്ന സുന്ദരം അതേ ചുണ്ടനക്കത്തോടെ പറയുന്ന 'നൻപകൽ നേരത്ത് മയക്ക'ത്തിലെ ഒറ്റ സീൻമതി മമ്മൂട്ടിയെ ഒരിക്കൽക്കൂടി നമിക്കാൻ. കാമറ അനക്കമില്ലാതെ നിൽക്കുമ്പോൾ ഒരു സീനിലെ മുഴുവൻ ഡയലോഗും മമ്മൂട്ടി അവതരിപ്പിച്ച സുന്ദരം പറഞ്ഞു തീർക്കുകയാണ്. സിനിമയിൽ സുന്ദരം മാത്രമല്ല മമ്മൂട്ടി ജെയിംസും കൂടിയാണ്. ജെയിംസിൽ നിന്ന് സുന്ദരത്തിലേക്കും തിരികെ ജെയിംസിലേക്കും മമ്മൂട്ടി നടത്തുന്ന പരകായപ്രവേശം ഇതുവരെ പിന്തുടർന്നുവന്ന തന്റെ സിനിമാരീതികളിൽ നിന്ന് മാറിനടക്കുകയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ചലച്ചിത്രോത്സവത്തിൽ ഡെലിഗേറ്റുകൾ എന്തുകൊണ്ട് മണിക്കൂറുകളോളം ക്യൂനിന്ന് കലഹിച്ച് ഈ സിനിമ കാണാനെത്തി?​ എന്ന ചോദ്യത്തിനുള്ള ഉത്തരം ഈ മലയാളം - തമിഴ്‌ചിത്രത്തിന്റെ ഓരോ സീനിലുമുണ്ട്. റിയലിസ്റ്റിക്കായി തുടങ്ങുന്ന സിനിമ പെട്ടെന്ന് വഴിമാറി സർ റിയലിസത്തിലേക്ക് കടക്കുന്നത് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ്.

ഒരു ചെറുകഥ വായിക്കുന്ന സുഖമാണ് ഈ സിനിമ നൽകുന്നത്. വേളാങ്കണ്ണി യാത്രനടത്തി മൂവാറ്റുപുഴയിലേക്ക് മടങ്ങുന്ന സംഘത്തിന്റെ നേതാവാണ് ജെയിംസ്. ഭാര്യയും മകനും അമ്മാവനും സംഘത്തിലുണ്ട്. യാത്രക്കാരെല്ലാം ഉച്ചമയത്തിലാകുമ്പോൾ ഡ്രൈവറോട് വാഹനം നിറുത്താൻ ആവശ്യപ്പെടുന്ന ജെയിംസ് തൊട്ടടുത്ത തമിഴ് ഗ്രാമത്തിലേക്ക് സുപരിചിതനെപ്പോലെ കയറിച്ചെല്ലുകയാണ്. അപരിചിതത്വങ്ങളൊന്നുമില്ലാതെ ഒരു വീട്ടിലേക്ക് ചെന്നുകയറുന്ന ജെയിംസ് രണ്ടുവർഷം മുമ്പ് അവിടെനിന്ന് കാണാതായ സുന്ദരത്തെപ്പോലെ വേഷം ധരിക്കുകയും പെരുമാറുകയും ചെയ്യുന്നു. ഈ അസാധാരണ സാഹചര്യം ജെയിംസിനൊപ്പമുള്ള കുടുംബാംഗങ്ങളിലും സുഹൃത്തുക്കളിലും ഗ്രാമത്തിലും ചെന്നുകയറിയ വീട്ടിലുമൊക്കെ സൃഷ്ടിക്കുന്ന പ്രതികരണങ്ങളിലൂടെയാണ് ലിജോ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നത്. എല്ലാവരും താൻ ഈ നാട്ടുകാരനല്ലെന്ന് ജെയിംസിനോട് (സുന്ദരം) പറയുമ്പോൾ 'നാൻ ഇന്ത ഊര്ക്കാരൻ താ...' എന്നു തുടങ്ങുന്ന ഡയലോഗിലൂടെ സീനിലുള്ളവരെപ്പോലെ പ്രേക്ഷകരേയും മമ്മൂട്ടി അത്ഭുതപ്പെടുത്തുന്നു.

ലിജോയുടെ മുൻ ചിത്രങ്ങളെപ്പോലെ ചലനപ്പെരുക്കമുള്ള കാമറ ഇവിടെയില്ല. ഏറെയും സ്റ്റാറ്റിക്ക് ഷോട്ടുകളാണ്. തമിഴ് ഉൾഗ്രാമത്തിന്റെ തുടിപ്പ് ഛായാഗ്രാഹകൻ തേനി ഈശ്വറിന്റെ ഓരോ ഷോട്ടിലും കാണാം. പഴയകാല തമിഴ്പാട്ടുകൾ, സിനിമാശകലങ്ങളിലെ സംഭാഷണങ്ങൾ ഇതൊക്കെയാണ് പശ്ചാത്തല സംഗീതമായി നിറയുന്നത്. മമ്മൂട്ടി ആദ്യമായി നിർമ്മിച്ച ചിത്രം കൂടിയാണ് ഇത്‌. എസ്.ഹരീഷിന്റേതാണ് തിരക്കഥ.

..................................

'ഐ.എഫ്.എഫ്‌.കെയിൽ നിന്നുള്ള നൻപകൽ നേരത്ത് മയക്കത്തിന്റെ എല്ലാ പ്രതികരണങ്ങളും എന്നെ ഏറെ സന്തോഷിപ്പിക്കുന്നു'

-- മമ്മൂട്ടി