kshethra-preveshana-vilam

കല്ലമ്പലം: നാവായിക്കുളത്തെ ചരിത്ര സ്മാരകമായ ക്ഷേത്ര പ്രവേശന വിളംബര സ്തൂപം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൊളിച്ചുമാറ്റൽ ഭീഷണി നേരിടുമ്പോൾ ഇത് സ്ഥാപിച്ച കോമലേഴത്ത് കെ.കരുണാകരന്റെ ബന്ധുക്കളും നാവായിക്കുളത്തുകാരും ഇത് സംരക്ഷിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്.

നാവായിക്കുളം ഏതുക്കാട് (സ്റ്റാച്യു) ജംഗ്ഷനിലാണ് സ്തൂപം സ്ഥാപിച്ചത്. 1936 നവംബർ 13ന് തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മയാണ് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്. അക്കാലത്ത് നാവായിക്കുളം ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിനുള്ളിലും അവർണർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. അതിനാലാണ് ക്ഷേത്ര പടിഞ്ഞാറെ നടയിൽ ക്ഷേത്ര പ്രവേശന വിളംബര സ്തൂപം സ്ഥാപിക്കപ്പെട്ടത്.

ഒറ്റ കരിങ്കല്ലിൽ തീർത്ത സ്തൂപത്തിൽ ശ്രീപദ്മനാഭസ്വാമിയുടെ ചെറിയ രൂപവും വിളംബരവും ആലേഖനം ചെയ്തിട്ടുണ്ട്. ക്ഷേത്ര പ്രവേശനത്തിന്റെ ഓർമ്മകൾ വരുംതലമുറകൾക്ക് പകർന്നുകൊടുക്കാനായി അന്ന് നാവായിക്കുളത്ത് സബ് രജിസ്ട്രാറായിരുന്ന കെ.കരുണാകരനാണ് സർക്കാരിന്റെ അനുമതിയോടെ ഗസ്റ്ററ്റ് നോട്ടിഫിക്കേഷൻ അനുസരിച്ച് സ്വന്തം ചെലവിൽ സ്തൂപം സ്ഥാപിച്ചത്. കൊത്തുപണിയിൽ പ്രാഗല്ഭ്യം നേടിയ സ്ഥലത്തെ വേലു ആശാരി, ചിന്നു ആശാരി എന്നിവരായിരുന്നു സ്മാരക ശില്പികൾ. പത്തടി ഉയരത്തിലാണ് സ്തൂപം കൊത്തിയെടുത്തത്. സ്മാരകം പൂർത്തിയാകുന്നതുവരെ കരുണാകരൻ സ്ഥലത്തെത്തി നിർമ്മാണ പുരോഗതി വിലയിരുത്തിയിരുന്നു.

മാവേലിക്കര കോമലേഴത്ത് കുടുംബാംഗമായിരുന്ന കരുണാകരൻ പ്രമുഖ സ്വാതന്ത്യ്രസമര നേതാവും വൈക്കം സത്യഗ്രഹത്തിന്റെ മുന്നണിപ്പോരാളിയുമായ ടി.കെ. മാധവന്റെ അനന്തരവനുമാണ്. തിരുവനന്തപുരം കോളേജിൽ നിന്ന് ബി.എ ജയിച്ച് റവന്യൂ വകുപ്പിൽ ക്ലാർക്കായി. തുടർന്ന് തിരുവനന്തപുരം താലൂക്ക് ജന്മിക്കരം സെറ്റിൽമെന്റ് ഓഫീസറായി. നാവായിക്കുളത്ത് സബ്‌ രജിസ്ട്രാറായതിനു ശേഷം സെക്രട്ടേറിയറ്റിൽ അസിസ്റ്റന്റ് സെക്രട്ടറിയും തുടർന്ന് ദേവസ്വം സെക്രട്ടറിയുമായി. ഡെപ്യൂട്ടി സെക്രട്ടറിയായാണ്‌ വിരമിച്ചത്. കരുണാകരന്റെ സ്വപ്നമായിരുന്നു ക്ഷേത്ര പ്രവേശന വിളംബര സ്തൂപം. നാട്ടുകാരുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിൽ കെ.കരുണാകരൻ തന്നെയാണ് ഇതിന്റെ ഉദ്ഘാടനവും നിർവഹിച്ചത്. ക്ഷേത്രത്തോളം പരിപാപനമായ സ്തൂപത്തിന് മുന്നിൽ ഇന്നും വൈകുന്നേരങ്ങളിൽ വിളക്ക് തെളിക്കാറുണ്ട്.

റോഡിന് വീതി കൂടിയാലും പാതയോരത്ത് തലയെടുപ്പോടെ തന്നെ സ്തൂപം നിലനിൽക്കുന്ന രീതിയിൽ സംരക്ഷിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെത്തന്നെ അനുയോജ്യമായ സ്ഥലത്ത് സ്തൂപം മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ആർ.എസ്.പി നാവായിക്കുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.ബോസ് കുമാർ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാനകമ്മിറ്റി അംഗം കെ.ബിന്നി, ജില്ലാകമ്മിറ്റി അംഗങ്ങൾ, പ്രവർത്തകരായ ശശികുമാർ, ജ്യോതിബാബു, പുലിയൂർ ചന്ദ്രൻ എന്നിവർ പങ്കെടുത്ത പ്രമേയം പാസാക്കുകയും ആയിരത്തോളം നാവായിക്കുളം നിവാസികളുടെ ഒപ്പ് ശേഖരിച്ച് അധികൃതർക്ക് നൽകാനും തീരുമാനിച്ചു.