
മലയിൻകീഴ്: ഊരൂട്ടമ്പലം ജംഗ്ഷന് സമീപം എൽ.പി സ്കൂളിന് മുന്നിൽ കുടിവെള്ള പൈപ്പ്പൊട്ടി പരിസരമാകെ വെള്ളക്കെട്ടായി. റോഡാകെ ചെളിയും വെള്ളക്കെട്ടുമായതിനാൽ യാത്രചെയ്യാൻ പോലും പറ്രാത്ത അവസ്ഥയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പൈപ്പ് പൊട്ടിയത്. തിങ്കളാഴ്ച രാവിലെ വാട്ടർ അതോറിട്ടി അധികൃതർ കരാറുകാരനെ വിവരമറിയിച്ച് നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചെങ്കിലും വൈകിട്ടോടെ പൈപ്പ് വീണ്ടും പൊട്ടി. ഇതോടെ പ്രദേശമാകെ വെള്ളക്കെട്ടായി.
കഴിഞ്ഞ രണ്ട് മാസമായി ഇവിടെ പുതിയ പൈപ്പുകൾ ഇടുന്ന ജോലികൾ നടക്കുന്നുണ്ട്.പൈപ്പ് ഇടുന്നതിനെടുക്കുന്ന കുഴിയിലെ മണ്ണ് കൂമ്പാരം പോലെ കിടക്കുന്നതിനാൽ പൈപ്പ് പൊട്ടുമ്പോൾ ചെളിക്കളമായി മാറുന്നു.
കഴിഞ്ഞ ആഴ്ചയാണ് ഊരൂട്ടമ്പലം എൽ.പി സ്കൂളിന്റെ പുതുതായി നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചത്. ഉദ്ഘാടനത്തിനുശേഷം ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്കൂളിലെ പുതിയ ക്ലാസ് മുറികളിൽ ക്ലാസുകളാരംഭിച്ചത്.സ്ഥിരമായി സ്കൂളിന് മുന്നിൽ പൈപ്പ്‌പൊട്ടുന്നത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ബുദ്ധിമുട്ടാണ്.
മലയിൻകീഴ്,തച്ചോട്ടുകുന്ന്,തറട്ടവിള,ശാന്തുമൂല,ആൽത്തറ,പാലോട്ടുവിള,കരിപ്പൂര്,തച്ചോട്ടുകാവ് എന്നീ മലയിൻകീഴ് പഞ്ചായത്ത് പ്രദേശങ്ങളിലും ഊരൂട്ടമ്പലം,പോങ്ങുംമൂട്,ചീനിവിള,അരുമാളൂർ,പ്ലാവിള,കണ്ടള,കരിങ്ങൽ,തൂങ്ങാംപാറ,മാവുവിള എന്നീ മാറനല്ലൂർ പഞ്ചായത്തിലും മേപ്പൂക്കട,കാളിപ്പാറ എന്നിവിടങ്ങളിൽ നിന്നുമാണ് കുടിവെള്ളമെത്തുന്നത്. വിളവൂർക്കൽ,വിളപ്പിൽ ഗ്രാമപഞ്ചായത്തുകളിൽ മങ്കാട്ടുകടവ്,വെള്ളൈക്കടവ് പമ്പിംഗ് സ്റ്റേഷനുകളിൽ നിന്നാണ് കുടിവെള്ള മെത്തേണ്ടത്.വിളവൂർക്കൽ പഞ്ചായത്തിലെ ചൂഴാറ്റുകോട്ട കുടിവെള്ള പദ്ധതി പ്രദേശത്ത് പലവട്ടം ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് സമരം ചെയ്തെങ്കിലും ഇപ്പോഴും കുടിവെള്ളക്ഷാമത്തിന് അറുതി വന്നിട്ടില്ല. മിക്ക സ്ഥലങ്ങളിലും പൈപ്പ്‌വെള്ളം കിട്ടാറില്ല.എന്നാൽ പൈപ്പുകൾ പൊട്ടി വെള്ളം റോഡിലൂടെയൊഴുകുന്നത് നിത്യ സംഭവമാണ്.പൊട്ടുന്ന ഭാഗം അടച്ചാലും വീണ്ടും ഇവിടെത്തന്നെ പൊട്ടും. വാട്ടർ അതോറിട്ടിയെ വിവരമറിയിച്ചാലും പരിഹാരമുണ്ടാകാറില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കിണറുകൾ അന്യമായതോടെ പൈപ്പ് വെള്ളത്തെയാണ് പ്രധാനമായും എല്ലാവരും ആശ്രയിക്കുന്നത്. എന്നാൽ പൈപ്പ് വെള്ളം ലഭ്യമാകാത്ത സ്ഥതിയാണിപ്പോൾ. പൈപ്പിലൂടെ കുടിവെള്ളം കിട്ടാനില്ലെങ്കിലും പൈപ്പ്‌പൊട്ടി കുടിവെള്ളം പാഴാകുന്നതും വ്യാപകമാണ്.
കുടിവെള്ളം മുടങ്ങുന്നു...
പോങ്ങുംമൂട്-ചീനിവിള റോഡിൽ സ്വകാര്യ സ്കൂളിന് സമീപം രണ്ട്സ്ഥലങ്ങളിൽ പൈപ്പ്‌പൊട്ടി കുടിവെള്ളം പാഴായതിന് കണക്കില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.ഇന്നലെ പൈപ്പ് ചോർച്ച അടച്ചെങ്കിലും മണ്ണും ചെളിയുമായി യാത്രചെയ്യാനാകാത്ത വിധത്തിലാണിവിടെ.പൈപ്പ് പൊട്ടുമ്പോൾ വീടുകളിലെ കുടിവെള്ളം മുടങ്ങുമെന്നതാണ് പ്രധാന പ്രശ്നം. യാതൊരു മുൻകരുതലുകളും നൽകാതെ വെള്ളം മുടങ്ങുന്നത് ഉപഭോക്താക്കൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
പരിഹാരമുണ്ടാകുന്നതേയില്ല
അണപ്പാട്-മലയിൻകീഴ് റോഡിൽ പൈപ്പ് പൊട്ടലിന് പരിഹാരമാകുന്നില്ല. എപ്പോഴും വെള്ളം പാഴാകുകയാണ്.ചോർച്ച അടയ്ക്കുമെങ്കിലും വീണ്ടുമിവിടെ പൈപ്പ് പൊട്ടുന്നുണ്ട്.അടുത്തിടെ അണപ്പാട് പൈപ്പ്‌പൊട്ടി കടയ്ക്കുള്ളിൽ വെള്ളം കയറിയതും കടക്കാരന് നഷ്ടമുണ്ടാക്കിയിരുന്നു. കുടിവെള്ളം പാഴാകുന്നതിന് യാതൊരു കണക്കുമില്ല. പൈപ്പ്‌ചോർച്ച അടയ്ക്കുമ്പോൾ ഗതാഗതക്കുരുക്കും പതിവാണ്.കുടിവെള്ളക്ഷാമം മലയിൻകീഴ്,വിളവൂർക്കൽ,മാറനല്ലൂർ,വിളപ്പിൽ പഞ്ചായത്ത് പ്രദേശങ്ങളിലും രൂക്ഷമാണ്.