dr-p-palpu

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ നടുനായകത്വം വഹിച്ച ധീരനായ സാമൂഹിക പരിഷ്‌കർത്താവായിരുന്നു ഡോ. പി. പല്‌പു. ഭ്രാന്താലയമായിരുന്ന കേരളത്തെ സ്നേഹാലയമാക്കി മാറ്റുന്നതിൽ ശ്രീനാരായണ ഗുരുദേവന്റെ നേതൃത്വത്തിൽ നടന്ന പരിവർത്തന പ്രക്രിയയിൽ ഡോ. പല്‌പു വഹിച്ച പങ്ക് നിസ്‌തുലമാണ്. വഴിനടക്കാനും മാറുമറയ്ക്കാനും പോലും അനുവാദമില്ലാതെ മൃഗങ്ങളെക്കാൾ നികൃഷ്ടരായി ജീവിച്ച വലിയ ഒരു ജനവിഭാഗത്തെ മുഖ്യമന്ത്രി വരെയുള്ള പദവികളിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ ഇടയാക്കിയത് ഡോക്ടർ പല്‌പുവിന്റെ നേതൃത്വത്തിൽ നടന്ന ത്യാഗോജ്ജ്വലമായ സാമൂഹിക വിപ്ളവമാണ്. മലയാളി മെമ്മോറിയലും പിന്നാലെ ഈഴവ മെമ്മോറിയലും ഒടുവിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ സ്ഥാപനവും ഒക്കെ ഡോക്ടർ പല്‌പുവിന്റെ സംഭാവനകളാണ്. അങ്ങനെ സൂര്യതേജസോടെ, കേരളത്തിന്റെ സാമൂഹിക നഭോമണ്ഡലത്തിൽ ജ്വലിച്ചുനിന്നിരുന്ന ആ മഹദ് വ്യക്തിയുടെ ഒളിമങ്ങാത്ത ഓർമ്മകൾ അനശ്വരമാക്കാൻ പര്യാപ്തമായ സ്‌മാരകങ്ങളൊന്നും നാളിതുവരെ കേരളത്തിൽ ഉണ്ടായിട്ടില്ലെന്നുള്ളത് സങ്കടകരമാണ്. അത്തരത്തിലൊരു സ്മാരകം ഉണ്ടാകേണ്ടത് ചരിത്രത്തിന്റെ അനിവാര്യതയാണ്.

ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന്റെ തിരുമുറ്റത്ത് നിറുത്താൻ ഡോക്ടർ പല്‌പുവിനോളം നക്ഷത്രശോഭയുള്ള മറ്റൊരു വ്യക്തി കേരളത്തിലുണ്ടോ? വേലുത്തമ്പി ദളവയുടേയും സർ പി. മാധവറാവുവിന്റേയും പ്രതിമകൾക്ക് സമാനമായി സെക്രട്ടേറിയറ്റിന് മുന്നിൽ ഡോക്ടർ പല്‌പുവിന്റെ ഒരു പൂർണകായ പ്രതിമ സ്ഥാപിക്കാൻ കഴിഞ്ഞാൽ അതു ചരിത്രത്തിലെ നാഴികക്കല്ലായി മാറും . ഇക്കാര്യത്തിൽ കേരള സർക്കാരിന്റെ അടിയന്തരമായ ശ്രദ്ധ പതിഞ്ഞുകാണണമെന്നും സത്വര നടപടികൾ കൈക്കൊള്ളണമെന്നും അപേക്ഷിക്കുന്നു.

ഡോക്ടർ പല്‌പുവിന്റെ വ്യക്തിത്വം സാമൂഹികരംഗത്തു മാത്രം ഒതുങ്ങിനിന്ന ഒന്നായിരുന്നില്ല. ബഹുമുഖ പ്രതിഭയുടെ ദൃഷ്ടാന്തമായിരുന്നു ഡോക്ടർ പല്‌പു. 19- ാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ മാരകമായ പ്ളേഗ് രോഗം ഡോക്ടർ പല്‌പുവിന്റെ കർമ്മഭൂമിയായിരുന്ന ബാംഗ്ളൂരിലേക്ക് കടന്നുവന്നു. അപ്പോൾ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും മറ്റ് ഉദ്യോഗസ്ഥരുമൊക്കെ മരണഭയത്താൽ ബാംഗ്ളൂരിൽ നിന്നും പലായനം ചെയ്തു. എന്നാൽ അന്ന് ബ്രിട്ടീഷ് ഗവൺമെന്റും ദിവാൻ ശേഷാദ്രി അയ്യരും രക്ഷകനായി കണ്ടത് ഡോക്ടർ പല്‌പുവിനെയായിരുന്നു. അപ്പോൾ രോഗപ്രതിരോധരംഗത്തും സൂക്ഷ്‌മാണു ശാസ്‌ത്രത്തിലും (Microbiology) ഉന്നതപഠനത്തിനായി ഇംഗ്ളണ്ടിലേക്ക് പോകാൻ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി. യാത്രയ്ക്കുള്ള ഒരുക്കങ്ങളുമായി വളരെയേറെ മുന്നോട്ടുപോയിരുന്ന ഡോക്ടർ പല്‌പുവിനോട് യാത്ര മാറ്റിവയ്ക്കണമെന്നും പ്ളേഗ് രോഗത്തെ നിയന്ത്രിക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ദിവാന്റെ അഭ്യർത്ഥന വന്നു. അതിനെ മാനിച്ച് ഒരു സന്ദേഹവും കൂടാതെ, ഉന്നത പഠനത്തിനായി ലഭിച്ച ആ സുവർണാവസരം അദ്ദേഹം തൃണവൽഗണിക്കുകയാണുണ്ടായത്. തന്റെ മരണപത്രം വരെ മുൻകൂട്ടി എഴുതിവച്ചുകൊണ്ട് പ്ളേഗ് രോഗം നിയന്ത്രണാധീനമാക്കാൻ അദ്ദേഹം സധീരം മുന്നോട്ടുവന്നു. ഹ്രസ്വമായ കാലയളവിനുള്ളിൽത്തന്നെ തികഞ്ഞ ആസൂത്രിതമായ ചുവടുവയ്പ്പുകളാൽ അദ്ദേഹം തന്റെ സദുദ്യമത്തിൽ വിജയം കണ്ടു. കർശനമായ നിയന്ത്രണങ്ങളിലൂടെ, എന്നാൽ ജനങ്ങളുടെ നിത്യവൃത്തിയെ പ്രതികൂലമായി ബാധിക്കുന്ന ലോക്‌‌ഡൗൺ ഒഴിവാക്കിക്കൊണ്ട്, എലി നശീകരണത്തിലൂടെയും വീടുകളിലും ജോലിസ്ഥലങ്ങളിലും വാഹനങ്ങളിൽപ്പോലും എലിച്ചെള്ളുകൾക്ക് പ്രവേശിക്കാൻ കഴിയാത്ത രീതിയിൽ കൊതുകുവലകൾ നിർബന്ധമാക്കിക്കൊണ്ടും അത്ഭുതകരമായ രീതിയിൽ രോഗവ്യാപനം നിയന്ത്രണാധീനമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു

അദ്ദേഹം ഇംഗ്ളണ്ടിൽ സൂക്ഷ്‌മാണുശാസ്ത്രത്തിൽ ഉന്നതപഠനവും ഗവേഷണവും നടത്തിക്കൊണ്ടിരുന്ന കാലഘട്ടത്തിൽ വൈറോളജിക്കുവേണ്ടിയുള്ള ബ്രിട്ടീഷ് മെഡിക്കൽ കൗൺസിലിൽ അംഗമാകാൻ ഭാഗ്യം സിദ്ധിച്ചുവെന്നതും പ്രസ്താവ്യമാണ്.

തുടർന്നു വാക്സിൻ നിർമ്മാണരംഗത്ത് നിലയുറപ്പിച്ച ഡോക്ടർ പല്‌പു അക്കാലത്ത് ആ രംഗത്തും വിസ്‌മയമായിരുന്നു. അങ്ങനെ വാക്‌സിൻ നിർമ്മാണത്തിലും സൂക്ഷ്‌മാണു ശാസ്ത്രശാഖയിലും മായാത്ത വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞ ഡോ. പല്‌പുവിന്റെ സ്മരണാർത്ഥം തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് ഡോ. പല്‌പു മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി എന്ന് നാമകരണം ചെയ്യുന്നത് ഈ രംഗത്തുള്ള അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകൾക്കുള്ള അംഗീകാരവും മലയാളികളായ ശാസ്ത്രജ്ഞർക്കുള്ള പ്രചോദനവുമായി മാറും.