iffk-1

അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച വിദേശസിനിമകളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് യുക്രെയിൻ ചിത്രം ക്ലൊണ്ടൈക്ക് ആണ്. ഇനിയും അവസാനിക്കാത്ത റഷ്യ -യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ കൂടുതൽ പ്രസക്തമാകുന്നത്.

രാഷ്ട്രീയ സംഘട്ടനത്തിന്റെ പശ്ചാത്തലമുണ്ടെങ്കിലും, ഇത് നഷ്ടത്തെക്കുറിച്ചുള്ള ഒരു സിനിമയാണ്. ഒരാളുടെ സ്വത്വബോധത്തിനായുള്ള പോരാട്ടവും പ്രത്യേകിച്ച് സംഘർഷ സമയങ്ങളിൽ സ്ത്രീകളുടെ പ്രതിരോധവുമെല്ലാം സംവിധായിക മറീന എർ ഗോർബച്ച് കാണികളിലേക്ക് പടർത്തുന്നു.

ഗ്രാബോവ് ഗ്രാമത്തിലെ, ഡൊനെറ്റ്‌സ്‌ക് മേഖല. യുക്രേനിയൻ ദമ്പതികളായ ഇർക്കയും ടോളിക്കുമാണ് ആ വീട്ടിൽ കഴിയുന്നത്. ഇർക്ക ഗർഭിണിയാണ്. വിഘടനവാദികളുടെ വർദ്ധിച്ചുവരുന്ന സമ്മർദ്ദം കാരണം ടോളിക്ക് പ്രദേശം വിടാൻ തീരുമാനിക്കുന്നു. ഇർക്ക അവളുടെ ഭൂമി വിട്ടുപോകുന്നതിനോട് ശക്തമായി വിയോജിക്കുന്നു. അവരുടെ വാതിലിൽമുട്ടുന്ന എല്ലാ അപകടങ്ങളേയും ചെറുത്തുനിൽക്കുന്നു. ഇർക്കയുടെ ശക്തമായ ഇച്ഛാശക്തിയിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. ഇർക്കയായി ഒക്‌സാന ചെർകാഷിന അത്ഭുതപ്പെടുത്തി.

അവരുടെ വീടിന്റെ മതിൽ ബോംബാക്രമണത്തിൽ തകരുന്നതായി കാണിച്ച് വരാൻ പോകുന്ന അപകടത്തെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. അപൂർവ സന്ദർഭങ്ങളിലൊഴികെ, മറീന എർ ഗോർബച്ചിന്റെ കാമറ ഒരിക്കലും വീടിന് പുറത്തേക്ക് പോകുന്നില്ല. ബോംബാക്രമണത്തിൽ വീടിനുണ്ടാകുന്ന വിടവ് വർദ്ധിക്കുന്തോറും അവരുടെ ദാമ്പത്യബന്ധത്തിലെ വിള്ളലും വലുതാകുന്നു . അതേസമയം ഇർക്കയുടെ പ്രതിരോധം കൂടുതൽ കൂടുതൽ വളരുകയാണ്. വിടവ് കൂടിവരുന്ന വീട്ടിലെ കേടുപാടുള്ള കട്ടിലിൽ ഇർക്ക പ്രസവിക്കുമ്പോൾ അതൊരു സ്ത്രീയുടെ ചെറുത്തുനിൽപ്പിന്റെ വിജയമായി മാറുന്നു. ഓസ്കാർ എൻട്രി ലഭിച്ച യുക്രെയിൻ ചിത്രം കൂടിയാണ് ക്ലൊണ്ടൈക്ക്.

ഒക്‌സാന ചെർകാഷിന

''സത്യസന്ധമായ സിനിമയാണിത്. എനിക്കു ലഭിച്ച മികച്ച കഥാപാത്രവും. മറ്റ് കാര്യങ്ങളൊക്കെ വിലയിരുത്തേണ്ടത് പ്രേക്ഷകരാണ്''