തിരുവനന്തപുരം: 'സുഖമാണോ എല്ലാവർക്കും...' മന്ത്രി വീണാ ജോർജിന്റെ അന്വേഷണത്തിൽത്തന്നെ മാതൃവാത്സല്യം നിറഞ്ഞിരുന്നു. വഞ്ചിയൂർ ശ്രീചിത്രാ പുവർഹോം സന്ദർശനവേളയിലാണ് മന്ത്രി അന്തേവാസികളായ കുട്ടികളോട് കുശലാന്വേഷണം നടത്തിയത്. പുവർഹോമിന്റെ ചുമരുകളിലെ ചിത്രങ്ങൾ നോക്കി നടന്ന മന്ത്രിയോട് കുട്ടികൾ പറഞ്ഞു, ഞങ്ങൾക്ക് പടം വരയ്ക്കാൻ ഇഷ്‌ടമാണ്. കുട്ടികൾക്ക് ഡ്രോയിംഗ് ബുക്കും ക്രയോണോ വാട്ടർകളറോ നൽകാനും മന്ത്രി ഉടൻ തന്നെ നിർദ്ദേശം നൽകി.മന്ത്രി ആന്റണി രാജുവും ഒപ്പമുണ്ടായിരുന്നു.
ഫുട്‌ബാൾ പ്രേമികളും തങ്ങളുടെ ഇഷ്ട ടീമുകളെക്കുറിച്ച് വാചാലരായി. ചില കുട്ടികൾ ഹോക്കിയും കളിക്കുന്നുണ്ട്. 'ട്വിങ്കിൽ ട്വിങ്കിൽ ലിറ്റിൽ സ്റ്റാർ...' പാട്ട് കുട്ടികൾക്കൊപ്പം പാടി ഇരുവരും അവരിലൊരാളായി. ഇരു മന്ത്രിമാർക്കും ക്രിസ്മസ് ന്യൂഇയർ ആശംസകൾ നേരാനും കുട്ടികൾ മറന്നില്ല.135 പേരാണ് നിലവിൽ പുവർഹോമിലെ അന്തേവാസികൾ.
ഹോമിന്റെ പ്രവർത്തനം സംബന്ധിച്ച് മന്ത്രിമാർ സൂപ്രണ്ട് ബിന്ദുവുമായി ചർച്ച ചെയ്തു.ഹോമിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും നിർദ്ദേശം നൽകി.ഹോമിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലുകൾ, അടുക്കള, സ്റ്റോർ എന്നിവയെല്ലാം പരിശോധിച്ചു.കുട്ടികളുടെ ഭക്ഷണക്രമത്തെപ്പറ്റിയും താമസത്തെപ്പറ്റിയും ജീവനക്കാരുമായി ആശയവിനിമയം നടത്തി. കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കാൻ നിർദ്ദേശവും നൽകി. ഹോമിനു വേണ്ടി പുതിയൊരു വാഹനം നൽകുന്നതു സംബന്ധിച്ചും അടിസ്ഥാനസൗകര്യവികസനം സംബന്ധിച്ചും പ്രൊപ്പോസൽ തയാറാക്കി നൽകാനും മന്ത്രിമാർ സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.